കോണ്ക്രീറ്റിംഗിന്റെ കരുത്തു വര്‍ധിപ്പിക്കാന്‍ ഉമിക്കരി: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിനു ഗവേഷണ ഗ്രാന്‍ഡ്

ഇരിങ്ങാലക്കുട: ഉമി ചാരം (ഉമിക്കരി) ഫൈന്‍ അഗ്ര ഗേറ്റുകളില്‍ ഒന്നായി ഉപയോഗിച്ചു കോണ്ക്രീറ്റിംഗിന്റെ കരുത്തു വര്‍ധിപ്പിക്കുക എന്ന ആശയത്തിനു ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിനു ഗവേഷണ ഗ്രാന്‍ഡ് ലഭിച്ചു. കേരള സാങ്കേതിക സര്‍വകലാശാലയ്ക്കു വേണ്ടി നടത്തുന്ന ഗവേഷണത്തിനു കാലടി റൈസ് മില്ലേഴ്സ് കണ്‍സോര്‍ഷ്യ (കെആര്എംസി) മാണു ഫണ്ടു നല്‍കുന്നത്. അരി നിര്‍മാണ വ്യവസായത്തിലെ പ്രധാന അവശിഷ്ട വസ്തുവായ ഉമിക്കരി (ഉമി ചാരം) ഉപകാരപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന വിഷയത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല നടത്തിയ ഇന്നവേഷന്‍ ചലഞ്ചിലാണു ഡോ. എം.ജി. കൃഷ്ണപ്രിയ, ഡോ. ജിനോ ജോണ്‍, വിനീത ഷാരോണ്‍ എന്നിവരടങ്ങിയ സംഘം സമര്‍പ്പിച്ച ആശയത്തിന് അംഗീകാരം ലഭിച്ചത്. ഗവേഷണം വിജയമായാല്‍ കോണ്‍ക്രീറ്റിംഗില്‍ എം സാന്‍ഡിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും ഉമിക്കരി സംസ്കരണത്തിനു ശാശ്വത പരിഹാരം കാണാനും കഴിയും. തിരുവനന്തപുരത്തു വ്യവസായ മന്ത്രി പി. രാജീവിന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീയില്‍ നിന്നു കോളജിനു വേണ്ടി ഡോ. ജിനോ ജോണ്‍ ആദ്യ ഗഡു ഏറ്റുവാങ്ങി. നാട്പാക്, പൊതുമരാമത്ത്, ജലവിഭവ വകുപ്പുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ ഏജന്‍സികള്‍ക്കായി കണ്‍സള്‍ട്ടന്‍സി പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ടു നേരത്തെ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മികവു കാട്ടിയിട്ടുണ്ട്.