മത്സ്യകൃഷിയുടെ മറവില്‍ കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടത്ത്അനധികൃത കളിമണ്ണ് ഖനനം
കരുവന്നൂര്‍: മത്സ്യകൃഷിയുടെ മറവില്‍ അനധികൃത കളിമണ്ണ് ഖനനം നടത്തുന്നതായി പരാതി. കരുവന്നൂര്‍ വില്ലേജാഫീസിനു പിറകിലെ കിഴക്കേ പുഞ്ചപ്പാടത്തു നിന്നാണ് അനധികൃതമായി ഖനനം നടക്കുന്നതായി പരാതിയുള്ളത്. ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങളും നിയമപോരാട്ടവും നടത്തിയതിന്റെ ഫലമായി ഈ പ്രദേശത്ത് ഹൈക്കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിമണ്ണ് ഖനനം നിര്ത്തിവെച്ചിട്ടുള്ളതാണ്. എന്നാല്‍ കളിമണ്ണ് മാഫിയ ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനം ചെയലുത്തിയാണ് ഇപ്പോള്‍ ഖനനം നടത്തിയിട്ടുള്ളതെന്നു ആരോപണം ഉയര്‍ന്നീട്ടുണ്ട്. മത്സ്യ കൃഷി നടത്തുവാന്‍ അനുമതി നേടിയതു വഴി സര്‍ക്കാരില്‍ നിന്നും കോടികണക്കിനു രൂപയാണു സബ്സിഡി ഇനത്തില്‍ ഇവര്‍ക്കു ലഭിക്കുക. ഈ സ്ഥലത്തു നിന്നും ആഴത്തില്‍ കളിമണ്ണ് എടുക്കുന്നതു മൂലം സമീപ പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളം വറ്റി പോകുന്ന സാഹചര്യമാണുള്ളത്. ശാസ്ത്രീയമായ പഠനം നടത്താതെയാണു മൂന്നേക്കര്‍ സ്ഥലത്തെ കളിമണ്ണ് ഖനനത്തിന് അനുമതി നല്‍കിയിട്ടുള്ളത്. കെഎല്‍ഡിസി കനാലിനോട് ചേര്‍ന്നാണ് അനധികൃത ഖനനം നടക്കുന്നത്. ഇതു മൂലം വര്‍ഷകാലത്തു ബണ്ട് പൊട്ടി പോകുന്നതിനും വെള്ളപൊക്കം ഉണ്ടാകുന്നതിനും സാധ്യതയേറെയാണ്. ഖനനത്തിന് കൃഷി ഓഫീസര്‍, മുനിസിപ്പല്‍ സ്രെകട്ടറി എന്നിവരില്‍ നിന്നും യാതൊരു അനുമതിയും നല്‍കിയിട്ടില്ല. വ്യക്തമായ പരിശോധന നടത്തുകയും വ്യവസായ വകുപ്പ് സെക്രട്ടറി നല്‍കിയിട്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്നും കളിമണ്ണ് മാഫിയക്കെതിരെ അന്വഷണം നടത്തണമെന്നും കരുവന്നൂര്‍ ബംഗ്ലാവ് പ്രദേശവാസികള്‍ കേരള സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.