ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് വീണ്ടും സജീവമായി
ഇരിങ്ങാലക്കുട: കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ഇരിങ്ങാലക്കുടയിലെ സാംസ്കാരിക മേഖലയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കി. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ‘ആധുനിക കഥകളി ആസ്വാദക ബോധമണ്ഡലത്തില്‍ പുതിയ ആട്ടക്കഥകള്ക്കുള്ള സ്ഥാനം, പ്രതിസന്ധികള്‍, പുതുസാധ്യതകള്‍’ എന്ന വിഷയത്തില്‍ ഡോ. സദനം ഹരികുമാര്‍, കെ.ബി. രാജ് ആനന്ദ്, പീശപ്പിളി രാജീവന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മോഡറേറ്ററായി രമേശന് നമ്പീശനും പങ്കെടുത്തു. പുതിയ ആട്ടക്കഥ രംഗാവതരണത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ശൂര്‍പ്പണഖാങ്കം കഥകളി ഗാന്ധിസേവാസദനം കഥകളി അക്കാദമി അവതരിപ്പിച്ചു. ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് സംഘടിപ്പിച്ച ശൂര്‍പ്പണഖാങ്കം കഥകളിയില്‍ ഡോ. സദനം ഹരികുമാര്‍ ശൂര്‍പ്പണഖയായും ശ്രീരാമനായി സദനം വിപിന്‍ ചന്ദ്രനും അരങ്ങത്ത്.