കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി..
ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങില്‍ നകരമണ്ണ് ഇല്ലത്തെ ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റചടങ്ങ് നടന്നത്. മണക്കാട് പരമേശ്വരന് നമ്പൂതിരി പരികര്‍മിയായിരുന്നു. മണിനാദത്തിന്റെ അകമ്പടിയില്‍ നടന്ന കൊടിയേറ്റം ദര്‍ശിക്കാന്‍ ഒട്ടേറെ ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നല്കുന്ന ഉത്സവത്തില്‍ ആചാര്യവരണച്ചടങ്ങിന് ശേഷമാണ് കൊടികയറ്റം നടന്നത്. ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ്, അണിമംഗലം, തരണനെല്ലൂര്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് കൂറയും പവിത്രവും നല്കി സ്വീകരിക്കുന്ന ചടങ്ങാണ് ആചാര്യവരണം. കുളമണ്‍ മൂസാണ് ചടങ്ങ് നിര്‍വഹിച്ചത്. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച കൂര്‍ച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവ ആവാഹിച്ച് പൂജിച്ചു. തുടര്‍ന്ന് പാണി കൊട്ടി പുറത്തു വന്ന് കൊടിമര പ്രദക്ഷിണം ചെയ്ത് പൂജ നടത്തിയാണ് കൊടിയേറ്റം നിര്‍വഹിച്ചത്. തുടര്‍ന്ന് കൊരുമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തില്‍ മൃദംഗമേള അരങ്ങേറി. കോവിഡിനെ തുടര്‍ന്ന് മാറ്റി വയ്ക്കേണ്ടി വന്ന കഴിഞ്ഞ വര്‍ഷത്തെ ഉത്സവമാണ് ഏപ്രില്‍ 15 ന് കൊടികയറി ഏപ്രില്‍ 25 ന് രാപ്പാള്‍ ആറാട്ട് കടവില്‍ ആറാട്ടോടെ നടത്തുന്നത്.