തുറവന്‍കാട് മുടിച്ചിറയുടെ നവീകരണം; കുളത്തിലെ മണ്ണ് സ്വകാര്യവ്യക്തിയുടെ നിലം നികത്താന്‍
പുല്ലൂര്‍: ആഴംകൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി കുഴിച്ചെടുത്ത തുറവന്‍കാട് മുടിച്ചിറയിലെ മണ്ണ് സ്വകാര്യവ്യക്തിയുടെ നിലം നികത്താന്‍ ഉപയോഗിച്ചതായി പരാതി. മുരിയാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചിറയിലെ കളിമണ്ണാണു സ്വകാര്യ വ്യക്തിയുടെ നിലം നികത്താന്‍ ഉപയോഗിച്ചത്. ലക്ഷകണക്കിനു രൂപയുടെ അഴിമതിയാണു നടന്നിട്ടുള്ളതെന്നു കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ ആരോപിച്ചു. രണ്ടു വര്‍ഷം മുമ്പാണ് ഈ ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുരിയാട് പഞ്ചായത്തിലെ 12, 13, 14 വാര്‍ഡുകളിലെ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിനു പരിഹാരമായാണു മുടിച്ചിറ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 35 ലക്ഷം രൂപയും ജലസേചനവകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള 39 ലക്ഷം രൂപയും ഉപയോഗിച്ചാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പഞ്ചായത്തു 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അത് ഇതുവരെയും കൈമാറാന്‍ സാധിച്ചിട്ടില്ല. മുടിച്ചിറയിലെ ചണ്ടിയും കാടും മാറ്റി ചിറക്കകത്തെ ചെളി കോരിയെടുത്ത് ആഴംകൂട്ടി ജലം സംഭരിക്കുന്നതിനാണു പദ്ധതി വിഭാവനം ചെയ്തത്. ജില്ലാ പഞ്ചായത്തിലെ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കാണ് ആദ്യഘട്ടത്തിന്റെ നിര്‍വഹണ ചുമതല. കഴിഞ്ഞ വര്‍ഷക്കാലത്തു ഈ ചിറയുടെ പ്രധാന ഭാഗം മണ്ണിടിഞ്ഞു തകര്‍ന്നതിനെ തുടര്‍ന്നു മാസങ്ങളോളം റോഡ് ഗതാഗതം താറുമാറായ അവസ്ഥയിലായിരുന്നു. വര്‍ഷങ്ങളോളം ചെളി നിറഞ്ഞു കിടന്നതിനാല്‍ ഈ ചിറയില്‍ ജലം സംഭരിക്കാന്‍ സാധിച്ചിരുന്നില്ല. പണികള്‍ പൂര്‍ത്തീകരിച്ച് ആവശ്യം കഴിഞ്ഞുള്ള മണ്ണ് പരസ്യമായി ലേലം ചെയ്തു കൂടുതല്‍ തുകക്കു നല്‍കണമെന്നിരിക്കെയാണ് ഈ മണ്ണുപയോഗിച്ച് ആരെയും അറിയിക്കാതെ നിലം നികത്തുന്നതിനു സ്വകാര്യവ്യക്തിക്കു അനുവാദം നല്കിയിരിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ചിറയുടെ പണികള്‍ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല കഴിഞ്ഞ രണ്ടു വര്‍ഷവും ചിറയില്‍ വെള്ളം സംഭരിക്കാന്‍ സാധിക്കാഞ്ഞതോടെ ചിറയുടെ ഉപയോഗം ജനങ്ങള്‍ക്കു ലഭ്യമല്ലാതായിരിക്കയാണ്. ചിറയുടെ വശങ്ങള് കെട്ടി കഴിയുമ്പോള്‍ വശങ്ങള് നികത്തുന്നതിന് ഇനി പണം കൊടുത്തു മണ്ണു വാങ്ങേണ്ട അവസ്ഥയാണ്. കിലോക്കു മൂന്നു രൂപ വിലയുള്ള കളിമണ്ണാണു ലോഡു കണക്കിനു നഷ്ടപ്പെടുത്തിക്കളഞ്ഞത്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ കളിമണ്ണാണു നിലം നികത്താന്‍ ഉപയോഗിച്ചിട്ടുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ ആര്‍ഡിഒക്കും പഞ്ചായത്തു ഓംബുഡ്സ്മാനും പരാതി നല്കുമെന്നു ബൂത്ത് പ്രസിഡന്റുമാരായ പ്രസാദ് പാറപ്പുറത്ത്, അജി തൈവളപ്പില്‍, പവിത്രന് പുത്തുക്കാട്ടില്‍, ഭരതന് പൊയ്യാറ എന്നിവര്‍ അറിയിച്ചു.