ഇനി കളിക്കാം…ഇരിങ്ങാലക്കുടയിലെ പാര്‍ക്കും വായനശാലയും വീണ്ടും തുറന്നു
ഇരിങ്ങാലക്കുട: കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന നഗരസഭയുടെ കീഴിലുള്ള കുട്ടികളുടെ പാര്‍ക്ക് തുറന്നു. കോവിഡ് കാലത്തിന്റെ നീണ്ട അടച്ചിടലിനു ശേഷം ജനുവരിയില്‍ പാര്‍ക്ക് തുറക്കാനൊരുങ്ങിയെങ്കിലും കോവിഡ് മൂന്നാംതരംഗം ശക്തിയായതോടെ നീളുകയായിരുന്നു. രണ്ടുവര്‍ഷത്തിലേറെ അടച്ചിട്ടതിനെത്തുടര്‍ന്ന് പാര്‍ക്കിലെ കളിസാമഗ്രികളില് പലതും ഉപയോഗശൂന്യമായിരുന്നു. അവയുടെയെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പെയിന്റിംഗ് നടത്തിയതിനു ശേഷമാണ് ഇപ്പോള്‍ പാര്‍ക്ക് തുറന്നുനല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ അവധിദിവസങ്ങളിലെ വൈകുന്നേരങ്ങള്‍ ചെലവഴിക്കുന്ന സ്ഥലമാണ് ഈ പാര്‍ക്ക്. വൈകീട്ട് നാലുമുതല്‍ എട്ടുവരെയാണ് പാര്‍ക്കിന്റെ സമയം. കഴിഞ്ഞ രണ്ട് ഭരണസമിതിയുടെ കാലത്തായി 28 ലക്ഷത്തോളം രൂപ ചെലവഴിച്ചു പാര്‍ക്ക് നവീകരിച്ചിരുന്നു. തുരുമ്പുപിടിച്ച കളിയുപകരണങ്ങള്‍ മാറ്റി പുതിയ കളിപ്പാട്ടങ്ങള്‍ സ്ഥാപിക്കുകയും. കസേരകളിലും മറ്റും പുതിയ പെയിന്റിംഗ് നടത്തുകയും ചെയ്തിരുന്നു. രാത്രിസമയത്തെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനായി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പാര്‍ക്കില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്ക് തുറന്നുനല്‍കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.