ഇന്ധന വിലവര്‍ധനവിനും കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കുമെതിരെ എല്‍ഡിഎഫ് പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍, പാചകവാതക സിലിണ്ടര്‍ എന്നിവയുടെ വിലവര്ധിപ്പിക്കുന്നതിലും കേന്ദ്ര ബജറ്റില്‍ കേരള സംസ്ഥാനത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ബഹുജന പ്രകടനവും പ്രതിഷേധ ധര്‍ണയും നടത്തി. ഠാണാവിലുള്ള ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണാസമരം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ടി.കെ. വര്‍ഗീസ്, കോണ്‍ഗ്രസ് (എസ്) നേതാവ് തിലകന് തൂമാട്ട്, ജനതാദള്‍ സെക്യുലര്സെ മണ്ഡലം സെക്രട്ടറി ഡേവീസ് കോക്കാട്ട്, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ കെ.പി. ദിവാകരന്, കെ.സി. പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ടൗണ്‍ഹാള്‍ പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിനു വി.എ. മനോജ്കുമാര്‍, ഉല്ലാസ് കളക്കാട്ട്, ബിജു ആന്റണി, രാജു പാലത്തിങ്കല്‍, കെ.സി. ഗംഗാധരന്, അഡ്വ. കെ.ആര്. വിജയ തുടങ്ങിയവര്‍ നേതൃത്വം നല്കി.