പൂമംഗലം പഞ്ചായത്ത് എസ്സി ഫണ്ട് വിനിയോഗം; വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് കെപിഎംഎസ് സമരത്തിന്
അരിപ്പാലം: എസ്സി ഫണ്ടുപയോഗിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിലെ പട്ടികജാതിവര്‍ഗ കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരേ കെപിഎംഎസ് സമരത്തിനൊരുങ്ങുന്നു. ലാപ്ടോപ്പ് വിതരണം അടക്കമുള്ള വിഷയങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിയുടെ നിയമവിരുദ്ധ നടപടികളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്കുമെന്നു കെപിഎംഎസ് പറഞ്ഞു. പഞ്ചായത്തിന്റെ പട്ടികജാതി വിരുദ്ധ നിലപാടുകള്‍ക്കെതിരേ ഒറ്റയ്ക്കോ സമാന കാഴ്ചപ്പാടുള്ള സംഘടനകളുമായി ചേര്‍ന്നോ ബഹുജന മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്കു നേതൃത്വം നല്കാന് എടക്കുളം ശാഖയില്‍ നടന്ന യോഗം തീരുമാനിച്ചു. 2018-19, 2019-20 വര്‍ഷങ്ങളില്‍ 5.40 ലക്ഷം വീതവും 2021 ല്‍ 2.25 ലക്ഷവും ലാപ്ടോപ്പ് വാങ്ങുന്നതിനായി അനുവദിച്ചിട്ടും ഒരു രൂപ പോലും ഇതിനായി വിനിയോഗിച്ചിട്ടില്ലെന്നു കെപിഎംഎസ് കുറ്റപ്പെടുത്തി. 2020-21ല്‍ വിവാഹധനസഹായം 75,000 രൂപ വീതം ആറുപേര്‍ക്കാണു നല്‍കിയിരിക്കുന്നത്. ഇതിന് ഏഴരലക്ഷം രൂപയാണു ചെലവഴിച്ചതായി രേഖകളില്‍ കാണിച്ചിരിക്കുന്നത്. 2018-19 വര്‍ഷത്തില്‍ പത്തുപേര്‍ക്ക് 75,000 രൂപ വീതം നല്കിയെന്നു പഞ്ചായത്ത് പറയുമ്പോള്‍ 50,000 രൂപ വീതമാണു കിട്ടിയതെന്നു ഗുണഭോക്താക്കള്‍ പറയുന്നു. എസ്സി മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് എസ്സിപി ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതി കാലയളവില്‍ ഈ തുക വിനിയോഗിച്ചതായി കാണുന്നില്ലെന്നും കെപിഎംഎസ് ആരോപിച്ചു. അതിനാല്‍ 2000 മുതലുള്ള പദ്ധതി വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണു കെപിഎംഎസിന്റെ ആവശ്യം. അവകാശനിഷേധത്തിനെതിരേ പ്രതികരിക്കാത്ത, സംവരണവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ രാജിവെച്ചു മാപ്പുപറയണമെന്നു യോഗം ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം കെ.കെ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മനോജ് കനാല്‍, സെക്രട്ടറി വി.എസ്. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
കെപിഎംഎസ് ആരോപണം അടിസ്ഥാനരഹിതം; പൂമംഗലം ഗ്രാമപഞ്ചായത്ത്
അരിപ്പാലം: വിവാഹ സഹായധന വിതരണവുമായി ബന്ധപ്പെട്ട് കെപിഎംഎസ് ഉന്നയിച്ചിരിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. 2018-19, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ പട്ടികജാതി വനിതകള്‍ക്കുള്ള വിവാഹ സഹായധനമായി 75,000 രൂപ വീതം 20 ഗുണഭോക്താക്കള്‍ക്കു 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. പൂമംഗലം ഗ്രാമപഞ്ചായത്തില്‍ വിഇഒമാര്ക്കു പൂമംഗലം, എടക്കുളം എന്നീ രണ്ടു സര്‍ക്കിളുകളാണുള്ളത്. ഈ രണ്ടു സര്‍ക്കിളുകളിലായിട്ടാണ് ഓരോ വര്‍ഷവും പത്തുപേര്‍ക്കു വീതം രണ്ടു സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം രൂപ വിതരണം ചെയ്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്കു ട്രഷറി വഴി നേരിട്ടാണു പണം നല്‍കിയിരിക്കുന്നത്. ഇതിന്റെ കൃത്യമായ രേഖകള്‍ പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വാര്‍ഷികപദ്ധതിയില്‍ ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുള്ള പട്ടികജാതി ഫണ്ട് അതേ മേഖലയ്ക്കുതന്നെ വകയിരുത്തുകയും പൂര്‍ണമായും ചെലവഴിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച കൃത്യമായ രേഖകള്‍ അതതു നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. ഏത് അന്വേഷണം വന്നാലും സ്വാഗതം ചെയ്യുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.