മഴയിലും ആവേശം ചോരാതെ കൂടല്‍മാണിക്യം ഉത്സവം ഏഴാം ദിവസത്തിലേക്ക്
ഇരിങ്ങാലക്കുട: മഴയിലും ആവേശം ചോരാതെ കൂടല്‍മാണിക്യം ഉത്സവം. പകല്‍ ഉത്സവത്തേക്കാള്‍ കാഴ്ചക്കാരേറെ രാത്രിയിലാണ്. ഉച്ചതിരിഞ്ഞു നടക്കുന്ന കലാപരിപാടികള്‍ ആസ്വദിക്കാനും വൈകീട്ട് വിളക്കെഴുന്നള്ളിപ്പ് കാണാനുമൊക്കെ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കിഴക്കേനടപ്പുരയില്‍ ഒന്നും രണ്ടും കാലവും പടിഞ്ഞാറേനടപ്പുരയില് മൂന്ന്, നാല്, അഞ്ചു കാലവും കൊട്ടിക്കലാശിച്ചു. ശേഷം വടക്കേനടയില്‍ വകകൊട്ടിയ ചെമ്പടമേളം കിഴക്കേനടപ്പുരയിലെത്തി കൊട്ടിക്കലാശിച്ചു. 17 ആനകള്‍ എഴുന്നള്ളിപ്പിന് അണിനിരന്നു. കിഴക്കേനടപ്പുരയില്‍ മേളം കഴിഞ്ഞ് ആനകള്‍ കൂത്തമ്പലം ചുറ്റി പ്രദക്ഷിണ വഴിയിലൂടെ ഒരുവരിയായിട്ടാണു പടിഞ്ഞാറേ നടപ്പുരയിലേക്ക് എത്തിയത്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നിരന്നുപോകാന് കഴിയാത്തതിനാലാണ് ആനകള്‍ വരിയായി നീങ്ങിയത്. ശങ്കരന്‍കുളങ്ങര മണികണ്ഠന് തിടമ്പേറ്റി. പഴുവില്‍ രഘുമാരാര്‍ പ്രാമാണ്യം വഹിച്ചു. മതില്‍ക്കെട്ടിനകത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ തെക്കേനടയില്‍ എഴുന്നള്ളിപ്പ് ഒഴിവാക്കിയാണു ശീവേലി നടന്നത്.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി, ഉച്ചയ്ക്ക് രണ്ടു മുതല്‍ 2.30 വരെ ആനന്ദപുരം എന്‍എസ്എസ് കരയോഗം സ്മിത രാജീവ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 2.30 മുതല്‍ 3.30 വരെ വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന കര്‍ണാടകസംഗീതം, 3.30 മുതല്‍ 4.30 വരെ ആകാംക്ഷ ഗരികപ്പട്ടി അവതരിപ്പിക്കുന്ന ഭരതനാട്യം, 4.30 മുതല്‍ 5.30 വരെ രശ്മിസുധ, അനില്‍ നമ്പീശന് എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യക്കച്ചേരി, 5.30 മുതല്‍ രാത്രി 8.30 വരെ സിത്താര്‍ കച്ചേരി (സിത്താര്‍-പുര്‍ബയാന്‍ ചാറ്റര്‍ജി, തബല-അനുബ്രത ചാറ്റര്‍ജി), രാത്രി 8.30 മുതല്‍ 10.30 വരെ രമ വൈദ്യനാഥന് അവതരിപ്പിക്കുന്ന ഭരതനാട്യം (വായ്പാട്ട്-സുധ രഘുരാമന്, മൃദംഗം-സുമോദ് ശ്രീധരന്, വയലിന്-വിജു എസ്. ആനന്ദ്, നട്ടുവാങ്കം-രെഷിക ശിവകുമാര്‍), രാത്രി 12 മുതല്‍ സന്താനഗോപാലം, പ്രഹഌദചരിതം കഥകളികള്‍ നടക്കും. വൈകീട്ട് 5.30 നു കുലീപിനി തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, 6.30 നു രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം, സന്ധ്യക്ക് കേളി, നാഗസ്വരം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവ ഉണ്ടാകും.