കൂടല്‍മാണിക്യം ഉത്സവത്തിന് പകിട്ടേകാന്‍ സംഗമസന്നിധിയില് ക്ഷേത്രകലകളും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം വിവിധ ക്ഷേത്രകലകളുടേയും സംഗമവേദിയാണ്. ഓട്ടന്തുള്ളല്, ശീതങ്കന്‍ തുള്ളല്‍, പാഠകം, കുറത്തിയാട്ടം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ബ്രാഹ്മണിപ്പാട്ട്, എന്നീ ക്ഷേത്രകലകളാണ് ഉത്സവത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്നത്. ശീവേലി ആരംഭിക്കുന്ന ദിവസം മുതല്‍ പള്ളിവേട്ട വരെ ഈ കലകള്‍ അവതരിപ്പിക്കുന്നു. ശീവേലിക്കുശേഷം കിഴക്കേ നടപ്പുരയിലാണ് ഓട്ടന്തുള്ളല്, ശീതങ്കന്‍ തുള്ളല്‍ എന്നിവ നടക്കുന്നത്. രാജീവ് വെങ്കിടങ്ങിന്റെ നേതൃത്വത്തിലാണു തുള്ളല്‍ അവതരിപ്പിക്കുന്നത്. പടിഞ്ഞാറേ പ്രദക്ഷിണവഴിയില്‍ വൈകീട്ട് ആറുമുതല്‍ ഏഴുവരെ കെ.പി. നാരായണന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, വൈകീട്ട് ആറു മുതല്‍ ഏഴുവരെ പടിഞ്ഞാറെ നടപ്പുരയില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം, സന്ധ്യയ്ക്ക് കൂത്തമ്പലത്തില്‍ പാരമ്പര്യ അവകാശി അമ്മന്നൂര്‍ ചാക്യാര്‍ മഠത്തില്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, പാരമ്പര്യ അവകാശി വില്വവട്ടത്ത് നങ്ങ്യാര്‍ കുടുംബങ്ങള്‍ അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്ത് എന്നിവയും നടക്കും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയാല്‍ ക്ഷേത്രത്തിനകത്ത് ബ്രാഹ്മണിപ്പാട്ട് നടക്കും. വേളൂക്കര പട്ടത്തേയും തെക്കേപ്പട്ടത്തേയും കുടുംബാംഗങ്ങളാണ് ബ്രാഹ്മണിപ്പാട്ട് അവതരിപ്പിക്കുന്നത്. കിഴക്കെ ഗോപുരനടയില്‍ തായമ്പക, സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പ്പറ്റ്, കൊമ്പുപറ്റ്, നാഗസ്വരം എന്നിവയും രാവിലേയും വൈകീട്ടും സോപാനത്ത് അഷ്ടപദിയും ഉത്സവദിനങ്ങളിലുണ്ടാകും.