കുന്നിടിഞ്ഞ് വീണു, കോളനി നിവാസികള്‍ ഭീതിയില്‍.
ജീവന് പണയം വച്ച് ഒമ്പത് വീട്ടുകാര്‍, മഴ തുടങ്ങിയാല്‍ ഓര്‍മയില്‍ വരുന്നത് മുമ്പ് നടന്ന ദുരന്തങ്ങള്‍
മാപ്രാണം: വാതില്‍മാടം ക്ഷേത്ര പരിസരത്തെ നാലു സെന്റ് കോളനിയിലെ കുന്നിടിഞ്ഞ് വീണു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കനത്ത മഴയില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്റെയും പരിസരവാസികളുടെയും നേതൃത്വത്തില്‍ മണ് നീക്കം ചെയ്തു. ഏതു സമയവും വീഴാവുന്ന രീതിയില്‍ കുന്നിന്റെ മേല്‍ഭാഗം വിണ്ടുനില്ക്കുന്നത് കോളനി നിവാസികളില്‍ പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. സംഭവമിഞ്ഞ് മുകുന്ദപുരം തഹസില്‍ദാര്‍ ഐജെ മധുസൂധനന്, ചെയര്‍പേഴ്സണ്‍ നിമ്യാഷിജു എന്നിവര്‍ സ്ഥലത്തെത്തി.
ജീവന് പണയം വച്ച് ഒമ്പത് വീട്ടുകാര്‍
32 വീട്ടുകാരാണ് ഈ കോളനിയില്‍ താമസക്കാരായുള്ളതെങ്കിലും ഒമ്പത് വീട്ടുകാര്‍ക്കാണ് മണ്ണിടിച്ചില്‍ ഭീഷണി ഏറെ കൂടുതലുള്ളത്. കാലവര്‍ഷം കനത്ത് മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങിയതോടെ കോളനി നിവാസികളുടെ നെഞ്ചില്‍ തീയാണ്. ജീവന് പോലും പണയം വച്ചാണ് ഓരോ ദിവസവും അവര്‍ തള്ളിനീക്കുന്നത്. 45 അടിയോളം ഉയരത്തില്‍ നില്ക്കുന്ന മണ്ണ് ഏതു നിമിഷവും താഴേക്ക് പതിക്കുമെന്ന ഭീതിയില്‍ കഴിയുകയാണ് ഈ വീട്ടുകാര്‍. നെടുംപറമ്പില്‍ എല്‍സി ജോണ്സന്, പേടിക്കാട്ടുപറമ്പില്‍ ഗിരീഷ്, കൂടാരത്തില്‍ വീട്ടില്‍ ലക്ഷമി, പട്ടത്താഴത്ത് കാര്‍ത്ത്യായനി, ചേനങ്ങത്ത് കാളിക്കുട്ടി, അറക്കവീട്ടില്‍ സുഹറ, തച്ചുവളപ്പില് ഭവാനി, കാറളത്ത് വീട്ടില്‍ കല്യാണി, മുരിയാട്ടുപറമ്പില് വീട്ടില്‍ നളിനി തുടങ്ങി ഒമ്പതു പേരുടെ വീടുകളാണ് മണ്ണിടിച്ചില്‍ ഭീഷണി ഏറെയുള്ളത്. കൂലിപണി ചെയ്തു ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ഈ വീടുകളില്‍ താമസിക്കുന്നത്. ഇതിനുമുമ്പ് രണ്ടുതവണ മണ്ണിടിച്ചില്‍ ഉണ്ടായത് പുലര്‍ച്ചെയായതിനാല്‍ രാത്രി സമയത്ത് മഴ കനത്താല്‍ ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാര്‍. മഴക്കാലമായാല്‍ പലരും ബന്ധുക്കളുടെ വീട്ടില്‍ പോയി നില്‍ക്കുകയാണ് ചെയ്യുന്നത്.
മഴ തുടങ്ങിയാല്‍ ഓര്‍മയില്‍ വരുന്നത് മുമ്പ് നടന്ന ദുരന്തങ്ങള്‍
2007 ഓഗസ്റ്റ് എട്ടിന് രാത്രി പുലര്‍ച്ചെ രണ്ടു മണി സമയത്താണ് ആദ്യ ദുരന്തം സംഭവിച്ചത്. ശക്തമായ മഴയില്‍ വീടിനോടു ചേര്‍ന്നുള്ള 45 ഓളം അടി ഉയരത്തിലുള്ള കുന്നില്‍നിന്നും മണ്ണിടിയുകയായിരുന്നു. ഈ സമയം കോളനി നിവാസികളെല്ലാം ഉറക്കത്തിലായിരുന്നു. മണ്ണിടിഞ്ഞ ഈ സമയം വൈദ്യുതി ബന്ധവും നിലച്ചു. കൂടാരത്തില്‍ ലക്ഷ്മിയുടെ വീടാണ് പൂര്‍ണമായും മണ്ണിടിഞ്ഞുവീണ് തകര്‍ന്നത്. 2014 ലും ഇതുപോലെ ദുരന്തമുണ്ടായി. അന്ന് കൂടാരത്തില്‍ മണിയുടെ വീടാണ് തകര്‍ന്നത്. കൊച്ചുകുട്ടികളടക്കമുള്ളവരെ വീടിനുള്ളില്‍ നിന്നും ഏറെ നേരത്തെ പരിശ്രമം മൂലമാണ് രക്ഷപ്പെടുത്തിയത്. മണിയുടെ കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം അറയ്ക്കല്‍ വീട്ടില്‍ സുഹറയുടെ വീടിന് മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണെടുപ്പ് നടത്തിയതിന്റെ ഭാഗമായി നിരവധി തവണ മണ്ണിടിയുകയും അതിന്റെ കെടുതികള്‍ നേരിടുകയും ചെയ്ത പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലൊന്നാണിത്. തുടര്‍ന്ന് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും ഇതുവരെ പാലിച്ചിട്ടില്ലെന്നാണ് വാതില്‍മാടം നിവാസികളുടെ പരാതി. അധികൃതരുടെ ഭാഗത്തുനിന്ന് ഉടനടി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭീകര ദുരന്തത്തിന് പരിഹാരമാവുകയുള്ളൂ.
സര്‍ക്കാര്‍ അനുവദിച്ച 63 ലക്ഷം രൂപ എവിടെ
വാതില്‍മാടം കോളനി നിവാസികളുടെ ദീര്‍ഘകാലമായിട്ടുള്ള ദുരിതത്തിന് പരിഹാരമാകുന്നതിനായി പ്രഫ. കെ.യു. അരുണന് എംഎല്‍എ തന്റെ ആസ്തി വികസന ഫണ്ടിലേക്ക് ഈ കോളനിയുടെ സുരക്ഷാ പ്രവര്‍ത്തിക്കായി 63 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഇതിന് ഭരണാനുമതി ലഭിച്ചത്. നാല്പത് അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് മതില് കെട്ടി ഉയര്‍ത്തുക എന്നുള്ളതായിരുന്നു പദ്ധതി. എന്നാല്‍ ഇതിനായി രണ്ടു തവണ പ്ലാന്‍ തയാറാക്കി നല്‍കിയെങ്കിലും ചീഫ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഇത് നിരസിക്കുകയായിരുന്നു. മൂന്നാം വട്ടം നല്കിയ പ്ലാന്‍ അംഗീകരിച്ചതാണ് സാങ്കേതിക അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കരാര്‍ നടപടികളിലേക്ക് കടന്നത്. നാല് മാസം മുമ്പാണ് ഈ പദ്ധതിയുമായി കരാര്‍ ഉറപ്പിച്ചതെന്ന് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ പറഞ്ഞു.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിലെ E-PAPER ക്ലിക്ക് ചെയ്യുക