സൗരോര്‍ജത്തിന്റെ നൂതന സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഇലക്ട്രിക്കല്‍ പ്രോജക്ട് എക്സ്പോ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ പ്രോജക്ട് എക്സ്പോ ശ്രദ്ധേയമായി. സൗരോര്‍ജ ഉപകരണങ്ങള്‍ക്ക് പുറമെ എംബഡെഡ് സിസ്റ്റം, ഇലക്ട്രിക് വെഹിക്കിള്‍, ഹോം ഓട്ടോമേഷന്‍, ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ എന്നീ മേഖലകളിലെ പ്രോജക്ടുകളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് എക്സ്പോ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച നൂതനാശയങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി നീതു വര്‍ഗീസ്, പ്രഫസര്‍ ഡോ.എം. നന്ദകുമാര്‍, അസോസിയേറ്റ് പ്രഫസര്‍ ഡോ.എ.എന്‍. രവിശങ്കര്‍ തുടങ്ങിയവര്‍ എക്സ്പോക്ക് നേതൃത്വം നല്കി. വിദ്യാര്‍ഥികളുടെ പ്രോജക്ടുകള്‍ക്ക് പുറമെ ഡിഎസ്ടി, കെഎസ്സിഎസ്ടിഇ, സ്റ്റാര്‍ട്ട് അപ്പ് മിഷന്, നാട്പാക്, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങി വിവിധ ഏജന്‍സികളുടേതായി പതിനേഴു ലക്ഷത്തിലധികം രൂപയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് കോളജില്‍ പുരോഗമിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസം പ്രായോഗിക പരിശീലനത്തില്‍ ഊന്നിയുള്ളതായിരിക്കണം എന്ന കാഴ്ചപ്പാടില്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട് ക്ലബ്, റോബോട്ടിക് ലാബ്, ഹാര്‍ഡ് വെയര്‍ ലൈബ്രറി തുടങ്ങിയവയുടെ സേവനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് സംഘടിപ്പിച്ച ഐഡിയ ഫെസ്റ്റില്‍ ഏറ്റവുമധികം ആശയങ്ങള്‍ സമര്‍പ്പിച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും കോളജ് കരസ്ഥമാക്കിയിരുന്നു.