സെന്റ് ജോസഫ്സ് കോളജിലെ കേരള കോളജ് ഗെയിംസ് 2022 കായികപ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച കേരള കോളജ് ഗെയിംസ് 2022 ല്‍ അതുല്യമായ നേട്ടം കൈവരിച്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കായികപ്രതിഭകളെ കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദനചടങ്ങില്‍ ആദരിച്ചു. കുസാറ്റില്‍ വെച്ച് നടന്ന കേരള കോളജ് ഗെയിംസില്‍ 11 പോയിന്റുമായാണ് സെന്റ് ജോസഫ്സ് കോളജ് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. യൂണിവേഴ്സിറ്റികളും കോളജുകളും ഒരുപോലെ പങ്കെടുത്ത ഗെയിംസില്‍ ആയിരത്തോളം കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 140 കോളജുകളോടാണ് സെന്റ് ജോസഫ്സ് മത്സരിച്ചത്. വനിതകള്‍ മാത്രം മത്സരാര്ഥികളായുള്ള ഒരു കലാലയം ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്നത് അത്യപൂര്‍വമാണ്. കായികരംഗത്ത് മികവുറ്റ സംഭാവനകള്‍ നല്‍കുകയും നിരവധി തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാകുകയും ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളജിന് മറ്റൊരു പൊന്‍തൂവലാണ് ഈ വിജയം. ബോക്സിംഗില്‍ 28 പോയിന്റോടെ ഒന്നാം സ്ഥാനവും ബാഡ്മിന്റണിലും ബാസ്കറ്റ് ബോളിലും രണ്ടാം സ്ഥാനവും കോളജിന് ലഭിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് കേരളത്തിന്റെ സംഭാവനകളായ മുഹമ്മദ് റാഫിയും സി.കെ. വിനീതുമാണ് അനുമോദന ചടങ്ങില്‍ മുഖ്യാതിഥികളായി എത്തിയത്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഒരു വനിത കോളജ് ഓവറോള്‍ കിരീടം നേടുക എന്നത് ഒരു ചരിത്രസംഭവമാണെന്ന് അവര്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് എന്നിവര്‍ പ്രസംഗിച്ചു. കായികവിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, അധ്യാപിക എം.എസ്. തുഷാര, കോച്ച് പി.സി. ആന്റണി, ലഫ്റ്റനന്റ് ലിറ്റി ചാക്കോ, ഡോ. ജോസ് കുര്യാക്കോസ്, ഡേവിസ് ഊക്കന്‍, അശ്വതി, ദിവ്യ സാം, മെല്‍വി സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.