മൂര്‍ക്കനാട് ആറാട്ടുകടവ്-മയ്യാര്‍ റോഡ് ഇടിഞ്ഞു
മൂര്‍ക്കനാട്: ആറാട്ടുകടവ് മയ്യാര്‍ റോഡ് ഇടിഞ്ഞു. നിരവധി വാഹനങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും പോകുന്ന തിരക്കേറിയ വഴിയാണിത്. റോഡിന്റെ അപകടാവസ്ഥ മുന്നില്‍ കണ്ടുകൊണ്ട് പരിസരവാസികള്‍ വാര്‍ഡ് കൗണ്‍സിലറുടെയും ഗ്രാമസഭകളിലും ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. മൂര്‍ക്കനാട് മേഖലയില്‍ അപകടങ്ങള്‍ കൂടിവരികയാണ്. കരുവന്നൂര്‍ പുഴയോരത്ത് ചെളി മാറ്റുന്നതിനായി പുഴയുടെ അരികില്‍ ജെസിബി ഉപയോഗിച്ച് ചെളി എടുക്കുകയുണ്ടായി. അവിടെ നീരൊഴുക്ക് വര്‍ധിച്ചപ്പോള്‍ പുഴയുടെ അരിക് പല ഭാഗത്തും ഇടിഞ്ഞു. ജെസിബി ഉപയോഗിച്ച് ചെളി എടുക്കുമ്പോള്‍ നാട്ടുകാര്‍ക്ക് പരാതി ഉണ്ടായിരുന്നു. എന്നാല്‍ ഇറിഗേഷന്‍ അത് ചെവിക്കൊണ്ടില്ല. ഇപ്പോള്‍ പുഴയുടെ പലഭാഗവും ഇടിയല്‍ ഭീഷണിയിലാണ്. പുഴയുടെ നടുഭാഗത്തുനിന്നാണ് ചെളിയും മണലും എടുക്കേണ്ടത്. മയ്യാര്‍ റോഡ് ഉടന്‍ കെട്ടി സംരക്ഷിക്കണമെന്ന് മൂര്‍ക്കനാട് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.കെ. അബ്ദുള്ളക്കുട്ടി, ചിന്ത ധര്മരാജന്, റപ്പായി കോറോത്തുപറമ്പില്‍, പി.ഒ. റാഫി, എ.ആര്. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.