കേരളസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയുടെ ലഹരിവിരുദ്ധ ജാഗ്രത സദസും പ്രതിഷേധറാലിയും
ഇരിങ്ങാലക്കുട: കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മദ്യംമയക്കുമരുന്നു വിപത്തിനെതിരെ പൊതുസമൂഹത്തെക്കൂടി ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട രൂപത ജനകീയ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുന്നു. രൂപതയിലെ വിവിധ സമിതികളും സംഘടനകളും പ്രസ്ഥാനങ്ങളും സംയുക്തമായി മദ്യത്തിന്റെയും ലഹരിയുടെയും ലഭ്യതയും ഉപയോഗവും കുറയ്ക്കുവാന്‍ ശക്തമായ ബോധവത്കരണപരിപാടികള്ക്കും പ്രതിഷേധപരിപാടികള്‍ക്കും തുടക്കമിടും. കര്‍മപരിപാടികളുടെ ആദ്യഘട്ടമായി രൂപതയിലെ മൂന്നുമേഖലകളില്‍ ലഹരിവിരുദ്ധ ജാഗ്രത സദസുകളും പ്രതിഷേധറാലികളും നടത്തും. മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കുക, പുതിയതായി അനുവദിച്ച എല്ലാ മദ്യശാലകളും ഉടന്‍ അടച്ചുപൂട്ടുക, മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ചുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കുക, മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ചു മുമ്പുണ്ടായിരുന്ന ദൂരപരിധി വ്യവസ്ഥ പുനസ്ഥാപിക്കുക, കുടുംബങ്ങളെയും സമൂഹത്തെയും സാമൂഹികമായും സാമ്പത്തികമായും ധാര്‍മികമായും തകര്‍ക്കുന്ന നാശോന്മുഖമായ വികലമായ മദ്യനയം പിന്‍വലിക്കുക, ലഹരിവസ്തുക്കളുടെ ലഭ്യതയും ഉപയോഗവും ഇല്ലാതാക്കാന്‍ കര്‍ശന നിയമങ്ങള്‍ ആവിഷ്കരിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നത്. 20 ന് ചാലക്കുടി മേഖലയിലെ കൊടകരയിലും 24 ന് ഇരിങ്ങാലക്കുടയിലും ജൂലൈ നാലിന് മാള മാളയിലും ഉച്ചകഴിഞ്ഞ് 3.30 ന് റാലിയും 4.30 ന് ജാഗ്രതാസദസും നടക്കും. രൂപതാതല പ്രതിഷേധം ജൂലൈ 30 ന് ചാലക്കുടിയില്‍വെച്ച് ഉച്ചകഴിഞ്ഞ് 3.30 ന് റാലിയോടെ ആരംഭിച്ച് വൈകീട്ട് 6.30 ന് സമാപിക്കും. പ്രസ്തുത പരിപാടിയില്‍ വിവിധ മതസാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. രൂപത വികാരി ജനറാള്‍ മോണ്‍ ജോയ് പാല്യേക്കര, പ്രോഗ്രാം ചെയര്മാന് ഫാ. ജോണ്‍പോള്‍ ഈയ്യന്നം, ജനറല്‍ കണ്‍വീനര്‍ ബാബു മൂത്തേടന് എന്നിവര്‍ നേതൃത്വം നല്‍കും.