ജനറല് ആശുപത്രി അത്യാഹിതവിഭാഗത്തില് രോഗികളുടെ കാത്തുനില്പ്പ് ദുരിതം പരിഹരിക്കണം-ബിജെപി
ഇരിങ്ങാലക്കുട: താലൂക്ക് ജനറല് ആശുപത്രിയില് അത്യാഹിതവിഭാഗത്തില് രോഗികള് കാത്തുനിന്ന് വലഞ്ഞ് ദുരിതമനുഭവിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. ഡോക്ടര്മാരെ നിയമിച്ച് ഇതു പരിഹരിക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്കി. സാധാരണക്കാരായ ജനങ്ങളാണ് കൂടുതലും സര്ക്കാര് ആശുപത്രിയെ സമീപിക്കുന്നത്. അസുഖങ്ങളായി വരുന്ന രോഗികള് അത്യാഹിതവിഭാഗത്തിന് മുന്പില് മണിക്കൂറുകള് ക്യൂ നില്ക്കേണ്ടി വരുന്നത് വേദനാജനകമാണ്. ഒരു ഡോക്ടറാണ് നിലവില് ഉള്ളത്. കിടപ്പുരോഗികള്ക്ക് അത്യാവശ്യം വന്നാല് അങ്ങോട്ടു പോകണം. പോലീസ് പ്രതികളെ കൊണ്ടുവന്നാല് അതു നോക്കണം. കൂടുതലും പനിയായിട്ടാണ് ആളുകള് വരുന്നത്. ലാബിലേക്ക് വിടുന്നവര് റിപ്പോര്ട്ടുമായി വരുമ്പോള് അതു നോക്കണം. മണിക്കൂറുകളോളം നിന്ന് രോഗികള് വലയുന്ന സാഹചര്യമാണ് നിലവിലുളളത്. കോവിഡ് കൂടുന്ന സാഹചര്യവും നിലനില്ക്കുന്നു. കൂടുതല് ഡോക്ടര്മാരെ നിയമിച്ച് ഉടന് ഇതിന് പരിഹാരം കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സമരം സംഘടിപ്പിക്കുമെന്നും കൃപേഷ് ചെമ്മണ്ട അറിയിച്ചു.