ജനിച്ചതും പഠിച്ചതും ഒരുമിച്ച്; പരീക്ഷാഫലത്തിലും ഈ മൂവര്‍ സംഘം ഒരുമ കാത്തു

ഇരിങ്ങാലക്കുട: ഒരുമിച്ചു പിറന്നവര്‍ എസ്എസ്എല്‍സി വരെയുള്ള പഠനം ഒരേ ക്ലാസില്‍, പരീക്ഷാഫലത്തിലെ ഉന്നത വിജയത്തിലും ഇവര്‍ ഒന്നിച്ചു തന്നെ. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളില്‍ പഠിക്കുന്ന സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ് സാലിഹ് എന്നീ മൂവര്‍ സംഘമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി പടിയൂര്‍ ഗ്രാമത്തിന്റെ അഭിമാനമായി മാറിയത്. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം തോട്ടുപറമ്പില്‍ ഫസലുദ്ദീന്‍-ഷംല ദമ്പതിമാരുടെ മക്കളാണിവര്‍. നേഴ്സറി മുതല്‍ പത്താം ക്ലാസ് വരെ ഇവര്‍ മൂവരും ഒരേ ക്ലാസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. നാലാം ക്ലാസുവരെ എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂളിലും തുടര്‍ന്ന് പത്താം ക്ലാസുവരെ എച്ച്ഡിപി സമാജം സ്കൂളിലുമായിരുന്നു പഠനം. പഠനകാലം മുഴുവന്‍ ഒരേ ക്ലാസിലായിരുന്നു. 2006 ഒക്ടോബര്‍ 29 നായിരുന്നു ഇവരുടെ ജനനം. പഠനത്തിലെന്നപോലെ കലാരംഗത്തും മിടുക്കരാണിവര്‍. മൂന്നു പേര്‍ക്കും സയന്‍സ് വിഷയം എടുക്കുവാനാണ് താത്പര്യം.