ഇനിയൊഴുകും തടസമില്ലാതെ, കരുവന്നൂര്‍ പുഴയില്‍ നിന്ന് നീക്കിയത് 1356 ഘന അടി മാലിന്യം
കരുവന്നൂര്‍: റൂം ഫോര്‍ റിവര്‍ പദ്ധതി പ്രകാരം കരുവന്നൂര്‍ പുഴയില്‍നിന്ന് നീക്കിയത് 1356 ഘന അടി മാലിന്യം. തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഇറിഗേഷന്‍ വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയുമാണ് ചെളിയും എക്കലും മറ്റു മാലിന്യവും നീക്കിയത്. ഇല്ലിക്കല്‍ ഡാം പരിസരത്തുനിന്നും നീരോലി തോട്ടില്‍ നിന്നുമാണ് മാലിന്യം നീക്കിയത്. മഹാപ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയും എക്കലും മാലിന്യവും അടിഞ്ഞുകൂടി രൂപപ്പെട്ട തിട്ടകള്‍ നീക്കി അതിന്റെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. നഗരസഭ തൊഴിലുറപ്പ് തൊഴിലാളികളാണ് ശുചീകരണം നടത്തിയത്. പുഴയില്‍നിന്ന് നീക്കിയ ചെളിയും എക്കലും വേറെയായി സൂക്ഷിച്ചിട്ടുണ്ട്. 334 ലോഡ് മാലിന്യമാണ് മാറ്റിയത്. ഇതിന്റെ കണക്കെടുത്ത ഇറിഗേഷന്‍ വകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചാല്‍ ഇവയുടെ ലേലം പൂര്‍ത്തിയാക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.