കാട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രി സ്ഥിതിചെയ്യുന്ന പരിസരം സമ്പൂര്‍ണ വൈദ്യുതി തടസരഹിത മേഖലയാക്കി കെഎസ്ഇബി
കാട്ടൂര്‍: ഒരുപാട് കാലത്തെ പരാതികള്‍ക്കും പരിശ്രമത്തിനും വിരാമമിട്ടുകൊണ്ട് കാട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രി സ്ഥിതിചെയ്യുന്ന പരിസരം സമ്പൂര്‍ണ വൈദ്യുതി തടസ രഹിത മേഖലയാക്കി കെഎസ്ഇബി. വിവിധ കര്‍മ പദ്ധതികളുടെ ഭാഗമായി കാട്ടൂരില്‍ നടപ്പിലാക്കുന്ന അതിനൂതന സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആശുപത്രി പരിസരത്തെ സമ്പൂര്‍ണമായി വൈദ്യുതി തടസ രഹിത മേഖലയാക്കി മാറ്റിയത്. നിലവില്‍ കാട്ടൂരിലേക്കുള്ള വൈദ്യുതി വിതരണത്തില്‍ ഏതെങ്കിലും തരത്തില്‍ തടസം നേരിട്ടാല്‍ ആശുപത്രിയിലേക്കുള്ള വൈദ്യുതി മുടങ്ങുക പതിവായിരുന്നു. വിവിധ തരം വാക്സിനുകളും, പ്രത്യേക മരുന്നുകളും മറ്റും വളരെ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിക്കുന്നതിന് ഇതുമൂലം ബുദ്ധിമുട്ട് നേരിടാറുണ്ട്. വാക്സിനുകള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടി വന്ന കോവിഡ് കാലഘട്ടത്തില്‍ വൈദ്യുതി മുടക്കം മൂലം പ്രതിസന്ധികള്‍ പതിവായിരുന്നു. ഈ സംഭവങ്ങള്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷന് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചതെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയചന്ദ്രന് അറിയിച്ചു. ഇതിനായി ഈ പ്രദേശത്ത് പ്രത്യേകം എബി സ്വിച്ച് സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതുമൂലം കിഴുത്താണി, തേക്കുംമൂല, കാട്ടൂര്‍, എടത്തിരുത്തി, കിഴുപ്പിള്ളിക്കര തുടങ്ങിയ ഫീഡറുകളില്‍ നിന്ന് സാഹചര്യത്തിനനുസരിച്ചു ഇനിമുതല്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും. കാട്ടൂരില്‍ ഇത്തരത്തില്‍ രണ്ടിലധികം എബി സ്വിച്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ജനസാന്ദ്രത കൂടുതലും പ്രകൃതി ദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുള്ളതുമായ കോളനികള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കമ്പികള്‍ക്ക് പകരം ഇന്‍സുലേറ്റഡ് കേബിളുകള്‍ സ്ഥാപിച്ചു. ഇതോടെ ഈ പ്രദേശങ്ങളിലെ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതത്തിനുള്ള സാധ്യത ഇല്ലാതാക്കി. കൂടാതെ ഇത്തരം കേബിളുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പൊട്ടിവീഴുകയോ, മുറിയുകയോ ചെയ്താലും വൈദ്യുതി പുറത്തേക്ക് പ്രവഹിക്കുകയുമില്ല.