കേരള സര്‍ക്കാര്‍ പ്രഥമ ‘വയോസേവന പുരസ്കാര’ നേട്ടത്തില്‍ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്കാരനേട്ടം ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്. വയോജന ക്ഷേമരംഗത്തു ശ്രേഷ്ഠ മാതൃകകള്‍ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മെയിന്റനന്‍സ് ട്രൈബ്യൂണല്‍, സന്നദ്ധ സംഘടന, വൃദ്ധസദനം എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കും കായികരംഗം, കലാസാഹിത്യ സാംസ്കാരിക രംഗം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങള്‍ക്കും ആജീവനാന്ത നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികള്‍ക്കുമായി ഒമ്പത് ഇനങ്ങളിലായാണ് പ്രഥമ വയോസേവന പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യുണല്‍ ആന്‍ഡ് ആര്‍ഡിഓ എം.എച്ച്. ഹരീഷ്, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍, സി. രാധാകൃഷ്ണന്, സെക്ഷന്‍ ക്ലാര്‍ക്ക് ഐ.ആര്. കസ്തൂര്‍ബായ്, റവന്യൂ ജീവനക്കാരായ എന്‍. രഞ്ജിത്, എം.കെ. ഫ്രാന്‍സിസ് എന്നിവരുടെ സംഘം വയോസേവന പുരസ്കാരവും പ്രശംസാപത്രവും ഏറ്റുവാങ്ങി. ഏറ്റവും മികച്ച രീതിയില്‍ വയോജന സംരക്ഷണ നിയമം 2007 നടപ്പിലാക്കിയതിനും, വയോജന സംരക്ഷണ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കാഴ്ചവെച്ചതിനുമാണ് കേരളത്തിലെ 27 മെയിന്റനന്‍സ് ട്രൈബ്യൂണലുകളില്‍ നിന്നും ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.