കരുവന്നൂര്‍ ഇല്ലിക്കല്‍ ബണ്ട് റോഡ് സംരക്ഷണഭിത്തിയുടെ പണി തുടങ്ങി
കരുവന്നൂര്‍: കനത്ത മഴയില്‍ ഇടിഞ്ഞ ഇല്ലിക്കല്‍ റെഗുലേറ്ററിന് തെക്കുവശത്തെ ബണ്ട് റോഡില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക സംരക്ഷണഭിത്തിയുടെ ജോലികള്‍ ആരംഭിച്ചു. തെങ്ങിന്‍തടികള്‍ അടിച്ചുതാഴ്ത്തി കരിങ്കല്ലിട്ട് ബലപ്പെടുത്തി സംരക്ഷിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് ഇതിന്റെ നിര്‍മാണചുമതല. ഇടിഞ്ഞുപോയ സ്ഥലത്തിനുപുറമേ കുറച്ചുകൂടി സ്ഥലം നീട്ടി 38 മീറ്ററോളം നീളത്തില്‍ മുളംകുറ്റികള്ക്കുപകരം തെങ്ങിന്‍മുട്ടികള്‍ അടിച്ചിറക്കി കല്ലിട്ട് അതിനുമുകളില്‍ കല്ലും കരിങ്കല്‍പ്പൊടിയും ഇട്ട് ബലപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി ഡോ.ആര്. ബിന്ദുവിന്റെ ഇടപെടലിനെത്തുടര്‍ന്ന് അടിയന്തര നിര്‍മാണത്തിനായി 17 മീറ്റര്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ശക്തമായ മഴയില്‍ ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ തെക്കുഭാഗത്തെ ബണ്ട് റോഡിന്റെ അരികിടിഞ്ഞത്. മൂന്നാംതവണയാണ് ബണ്ട് റോഡ് ഒരേ സ്ഥലത്തുതന്നെ ഇടിയുന്നത്. 2018 ലെ പ്രളയസമയത്താണ് പുഴയോടുചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മൂര്‍ക്കനാട് കാറളം ബണ്ട് റോഡ് ഇല്ലിക്കല്‍ റെഗുലേറ്ററിന് സമീപം ഇടിഞ്ഞത്. മൂന്നു വര്‍ഷം ഇവിടെ ഒരു നിര്‍മാണവും നടത്തിയിരുന്നില്ല. 2021 മേയ് ആദ്യവാരത്തില്‍ ഉണ്ടായ കനത്ത മഴയില്‍ അതേ സ്ഥലത്ത് റോഡ് കൂടുതല്‍ ഭാഗം വീണ്ടും ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇടിഞ്ഞ ഭാഗത്ത് മുളകള്‍ കെട്ടിവെച്ച് അതിനിടയില്‍ മണല്‍ചാക്കുകള്‍ ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പ് താത്കാലികമായി ബണ്ട് ബലപ്പെടുത്തുകയായിരുന്നു. എന്നാല്‍ താത്കാലിക സംവിധാനം ശാശ്വതമല്ലെന്ന് തെളിയിച്ച് നേരത്തെ സ്ഥാപിച്ച മുളംകുറ്റികള്‍ നോക്കുകുത്തികളാക്കി വീണ്ടും ഇടിയുകയായിരുന്നു. ഈ ഭാഗത്ത് സ്ഥിരം സംവിധാനമൊരുക്കണമെന്ന് പ്രദേശവാസികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. നേരത്തെ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഇവിടെ സ്ഥിരം സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് സമര്‍പ്പിച്ച പദ്ധതി ഫണ്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ തള്ളി. പിന്നീട് 80 ലക്ഷത്തിന്റെ പുതിയ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിനും ഇതുവരെ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല.