തളിയക്കോണം കുറുമാലിക്കാവ് കൊറ്റായി റോഡ് ഇടിഞ്ഞ് വ്യാപക നാശം

ഇരിങ്ങാലക്കുട: നഗരസഭ 39-ാം വാര്‍ഡ് തളിയക്കോണം കുറുമാലിക്കാവ് കൊറ്റായി റോഡ് ഇടിഞ്ഞ് വ്യാപക നാശനഷ്ടമുണ്ടായി. എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിന്റെ ഇരുവശങ്ങളിലെയും മണ്ണിന്റെ ബലക്ഷയം മൂലം മഴക്കാലമായതോടെ ഇടിഞ്ഞുവീഴുന്നതാണ് പ്രദേശവാസികള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നത്. റോഡുപണി നടക്കുന്ന ഘട്ടത്തില്‍ തന്നെ റോഡിന്റെ ഇരുവശവും ഉയര്‍ത്തി കെട്ടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പ്രാവര്‍ത്തികമാക്കാത്തതാണ് ഇപ്പോഴത്തെ ഈ നാശനഷ്ടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലും വില്ലേജ് ഓഫീസിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും നഗരസഭ ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. ഷാജു ആവശ്യപ്പെട്ടു.
