ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ നവോഥാന ചരിത്രത്തില്‍ നിന്ന് ചാവറയച്ചന് പുറത്ത് ! സര്‍ക്കാര്‍ തെറ്റ് തിരുത്തണം: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉണര്‍ത്തെഴുന്നേല്‍പ്പിനു കരുത്തുറ്റ നേതൃത്വം നല്കിയ ക്രൈസ്തവ നേതാവായിരുന്ന ചാവറയച്ചനെ ഏഴാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ നവോഥാന ചരിത്രത്തില്‍ നിന്നു തമസ്കരിച്ചത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. മനുഷ്യനെ മനുഷ്യനായിപോലും അംഗീകരിക്കാന്‍ തയാറാവാതിരുന്ന 18, 19 നൂറ്റാണ്ടുകളിലെ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തമായി പ്രതികരിച്ച യുഗപുരുഷനാണ് ചാവറയച്ചന്. അജ്ഞതയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹം ആരംഭിച്ച വിദ്യാലയങ്ങളും സാമൂഹികക്ഷേമ പദ്ധതികളും ജീവകാരുണ്യ ഇടപെടലുകളും മാധ്യമരംഗത്തെ ചുവടുവയ്പുമാണ് കേരളത്തിന്റെ നവോഥാനത്തിനു തിരി കൊളുത്തിയത്. മിഷനറിമാര്‍ കൊളുത്തിവച്ച മാറ്റത്തിന്റെ ദീപശിഖയില് നിന്നു പകര്‍ന്നെടുത്ത് അദ്ദേഹം കേരളമെമ്പാടും നവോത്ഥാനത്തിന്റെ നാട്ടുവെളിച്ചം പരത്തുകയായിരുന്നു. അദ്ദേഹത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പില്ക്കാലത്ത് വിവിധ സമുദായ പരിഷ്കര്‍ത്താക്കള്‍ മുന്നേറിയത്. ഈ ചരിത്ര യാഥാര്‍ഥ്യങ്ങളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എസ്ഇആര്‍ടി വിദഗ്ധ സമിതി പാഠ്യപദ്ധതിയില്‍ തമസ്ക്കരിച്ചിരിക്കുന്നത്. പാഠപുസ്തക പരിഷ്ക്കരണത്തിനു തുടക്കമിട്ടിരിക്കുന്ന ഈ വേളയില്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ഈ തെറ്റ് തിരുത്താന്‍ തയാറാവണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു.