അസിസ്റ്റീവ് വില്ലേജുകള്‍ ഈ വര്‍ഷം തുടങ്ങും: മന്ത്രി ഡോ.ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം കഴിഞ്ഞു കൊണ്ടു തന്നെ ചികിത്സയും പരിശീലനവും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന അസിസ്റ്റീവ് വില്ലേജുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. മൂന്നു കേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെ തുടങ്ങാനാണ് ശ്രമിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) ഡെന്റല്‍ കെയര്‍, ഐഡിഡി സ്കൂള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നിപ്മര്‍ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് എംവോക് പദ്ധതിയുടെ കീഴില്‍ കംപ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, പഞ്ചായത്ത് അംഗം മേരി ഐസക് തുടങ്ങിയവര്‍ സംബന്ധിച്ചു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു സ്വാഗതവും സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അനു അഗസ്റ്റിന് നന്ദിയും പറഞ്ഞു.