കരുവന്നൂര്‍ ബാങ്കില്‍ 12 ലക്ഷം രൂപ നിക്ഷേപമുളള ജോസഫും കുടുംബവും കാരുണ്യത്തിനായി കാത്തുനില്ക്കുന്നു
ഇരിങ്ങാലക്കുട: 300 കോടി രുപയുടെ തട്ടിപ്പില്‍ സഹകരണ മേഖലയില്‍ പുതിയ അധ്യായം സൃഷ്ടിച്ച് സായൂജ്യം അടയുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച് ചികിത്സക്കും കുടുംബാവശ്യങ്ങള്ക്കുമായി ദിവസവും ബാങ്കിന്റെ പടികള്‍ കയറിയിറങ്ങുന്ന ഹതഭാഗ്യവാന്മാരുടെ നീണ്ടപട്ടികയിലെ ഒരാളാണ് മാപ്രാണം പള്ളിക്ക് അടുത്തു താമസിക്കുന്ന തെങ്ങോലപറമ്പില്‍ 68 കാരാനായ ജോസഫും കുടുംബവും. ഭാര്യയും മൂന്നു മക്കളും ഉള്ള ജോസഫ് ഗള്‍ഫില്‍ ഡ്രൈവറായിരുുന്നു. നീണ്ട കാലത്തെ പ്രവാസി ജീവതത്തിന് ശേഷം അവിടെ നിന്ന് ചോര നീരാക്കി കിട്ടിയ സമ്പാദ്യവുമായി നാട്ടില്‍ എത്തിയ ജോസഫ് കുറച്ചു കടം ഉളളത് വീട്ടിയും ബാക്കിയുളള 12 ലക്ഷം രൂപ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ നിക്ഷേപിക്കുകയുമായിരുന്നു. ജോസഫിന് മൂന്ന് ആണ്മക്കളാണ് ഉളളത്. ഒരു പ്രസവത്തില്‍ ഉണ്ടായവരാണ് എബിന്, വിപിന്‍, സിബിന് എന്നിവര്‍. ഇപ്പോള്‍ 28 വയസു പ്രായമുളള ഈ മക്കളില്‍ എബിനും സിബിനും സെറിബ്രല്‍ പാള്‍സി രോഗത്തന്റെ പിടിയിലാണ്. അതുകൊണ്ട് ഒരാള്‍ക്കു നടക്കുവാന്‍ പരസഹായം ആവശ്യമാണ്. മറ്റൊരാള്‍ക്ക് സംസാരിക്കുവാനും പ്രയാസമാണ്. മൂന്നു പേരില്‍ വിപിന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. കിഡ്നി രോഗത്തിന്റെ ചികിത്സയിലാണ് ജോസഫ്. ഭാര്യ റാണിയും അസുഖബാധിതയാണ്. ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ യാതന അനുഭവിക്കുന്ന ജോസഫും ഭാര്യയും കുടുംബവും വീട്ടുചെലവിനും തന്റെയും ഭാര്യയുടെയും മക്കളുടെയും ചികിത്സക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ തികച്ചും മോശമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നാണ് ജോസഫിന്റെ പരാതി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ വിറ്റു. ആറു മാസം മുന്‍പ് 30,000 രൂപയുടെ ബോണ്ട് മാറിയെടുക്കുവാന്‍ ബാങ്കില്‍ കൊടുത്തിട്ട് പതിനായിരം രൂപ മാത്രമാണ് കിട്ടിയത്. ബാക്കിയുളള 20,000 രൂപയ്ക്കു വേണ്ടി ബാങ്കില്‍ ചെല്ലുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ദാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റവും ചീത്തപറച്ചിലും കാരണം താന്‍ ഇപ്പോള്‍ ബാങ്കിലേക്ക് പോകുന്നില്ലെന്നും പറഞ്ഞു. ജീവിതമാര്‍ഗം മുട്ടി നില്ക്കുന്ന താന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് ജോസഫ് ചോദിക്കുന്നത്.