മുന്‍ ബാങ്ക് മാനേജര്‍ പൊറിഞ്ചുവും ഭാര്യയും നിക്ഷേപിച്ചത് 40 ലക്ഷം, ചികിത്സ നടത്തിയത് കടം വാങ്ങി
കരുവന്നൂര്‍ തട്ടിപ്പില്‍ കൂടുതല്‍ ഇരകള്‍, കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണമോ പലിശയോ നല്‍കുന്നില്ലെന്ന പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി പെരുമ്പുള്ളി വീട്ടില്‍ പൊറിഞ്ചുവും ഭാര്യ ബേബിയും നിക്ഷേപിച്ചത് 40 ലക്ഷം രൂപ. ബാങ്ക് തട്ടിപ്പ് നടത്തിയതോടെ ഇവര്‍ക്കും പണം തിരികെ കിട്ടിയില്ല. കരുവന്നൂര്‍, മാപ്രാണം ശാഖകളിലാണ് പണം നിക്ഷേപിച്ചത്. ഹൃദ്രോഗിയാണ് പൊറിഞ്ചു. ജൂണ്‍ ഒന്നിനും അഞ്ചിനുമായി രണ്ടു സര്‍ജറിയാണ് വേണ്ടി വന്നത്.
കാത്തലിക് സിറിയന്‍ ബാങ്ക് മുന്‍ മാനേജരായാണ് പൊറിഞ്ചു വിരമിച്ചത്. ചികിത്സയ്ക്ക് പോലും പണം നല്‍കുന്നില്ല. ആശുപത്രി ബില്‍ തുക നാലു ലക്ഷത്തിലധികം രൂപ ആവശ്യം വന്നു. ഇതിന് അപേക്ഷ നല്‍കിയെങ്കിലും പണം നല്‍കിയില്ല. പണം ചോദിക്കുമ്പോള്‍ ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് പൊറിഞ്ചു വേദനയോടെ പറയുന്നു. ശസ്ത്രക്രിയക്കും ആശുപത്രി ചികിത്സക്കുമായി വലിയൊരു തുകയാണ് ചെലവായത്. പലരില്‍ നിന്നായി കടം വാങ്ങിയാണ് ആശുപത്രിയിലെ പണം അടച്ച് വീട്ടിലേക്കു വന്നത്. വീട്ടില്‍ വിശ്രമിക്കുമ്പോള്‍ കടം വാങ്ങിയ പണം ചോദിച്ച് ആളുകളുടെ വരവായി. ചേട്ടന് ആവശ്യം വന്നപ്പോള്‍ തന്ന് സഹായിച്ച പണം തിരികെ തരണമെന്നാണ് അവര്‍ പറയുന്നത്. നിക്ഷേപ തുക തന്നില്ലെങ്കിലും സേവിംഗ് എക്കൗണ്ടിലുള്ള തുക തന്നെയെങ്കിലും ബാങ്കില്‍ നിന്നും കിട്ടിയാല്‍ ഏറെ ആശ്വാസമായേനേ. എന്റെ പണം ബാങ്ക് തന്നാല്‍ എനിക്ക് കടം വാങ്ങിയ പണം തിരികെ നല്‍കാമായിരുന്നുവെന്നും വേദനയോടെ പൊറിഞ്ചു പറയുന്നു.