കാല് നഷ്ടപ്പെട്ട ഷിജുവിന്റെ നഷ്ടപരിഹാര തുക ബാങ്കില്‍, ഉപജീവനത്തിനായി ലോട്ടറി വില്പന
കൃത്രിമ കാല് റിപ്പയര്‍ ചെയ്യുവാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഷിജു ഇപ്പോള്‍
ഇരിങ്ങാലക്കുട: ജോലിക്കിടയില്‍ വിദേശത്തുവച്ചുണ്ടായ അപകടത്തില്‍ മുറിച്ചു മാറ്റപ്പെട്ടതാണ് മാപ്രാണം സ്വദേശി ഷിജുവെന്ന ചെറുപ്പക്കാരന്റെ വലതു കാല്. ക്രെയിന്‍ ഓപ്പറേറ്റര്‍ ജോലി ചെയ്യവേ 2016 ഫെബ്രുവരി 20 നാണ് അപകടം നടന്നത്. ക്രെയിന്‍ റോപ്പ് പൊട്ടി 10 ടണ്‍ ഭാരമുള്ള ബാരല്‍ കാലില്‍ വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് കാല് മുറിച്ചു മാറ്റേണ്ടി വന്നു. ചികിത്സയെല്ലാം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് കൃത്രിമകാല് ഘടിപ്പിച്ച ശേഷം ഷിജു നാട്ടിലെത്തിയത്. കമ്പനിയില്‍ നിന്നും നഷ്ടപരിഹാരമായി ലഭിച്ച തുക കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. ബാങ്കിലെ തട്ടിപ്പ് പുറത്തായതോടെ പലിശ പോലും ലഭിക്കാത്ത അവസ്ഥയായി. വൃദ്ധയായ മാതാവും ഭാര്യയും ഏക മകനും അടങ്ങുന്ന കുടുംബം മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതോടെ കുടുംബ ചെലവിനായി ലോട്ടറി വില്പന ആരംഭിച്ചു. ഇപ്പോള്‍ അതിനും പറ്റാത്ത അവസ്ഥ. കുടുംബം പുലര്‍ത്താന്‍ വിദേശത്തേക്ക് ഭാര്യക്ക് വിസ വന്നെങ്കിലും ആറു ലക്ഷം രൂപ വേണ്ടി വന്നു. ബാങ്കില്‍ വന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ ഒന്നും ലഭിക്കില്ലെന്നായിരുന്നു ആദ്യ മറുപടി. അമ്പതിനായിരം രൂപ നല്‍കിയെങ്കിലും ബാക്കി തുക പലരില്‍ നിന്നും കടം വാങ്ങിയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ സ്വര്‍ണാഭരണങ്ങള്‍ ഈടു നല്കി ലോണ്‍ എടുത്താണ് ഭാര്യ ഈ മാസം വിദേശത്തേക്കു പോയത്. രണ്ടു ദിവസം മുമ്പാണ് ഭാര്യ ജോലിയില്‍ പ്രവേശിച്ചത്.
ഇതിനിടയില്‍ തന്റെ കൃത്രിമകാലിനു ചെറിയ തകരാറ് സംഭവിച്ചു. കയ്യില്‍ പണമില്ലാത്തതിനാല്‍ സമീപത്തെ വര്‍ക്ക്ഷോപ്പില്‍ പോയി കൃത്രിമകാല് വെല്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍. റിപ്പയര്‍ ചെയ്യണമെങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപ വേണ്ടി വരും. ഭാര്യയുടെ ശമ്പളം ലഭിച്ചാല്‍ ആദ്യം തന്റെ കൃത്രിമ കാല് റിപ്പയര്‍ ചെയ്യണം എന്നുള്ളതാണ് തന്റെ ആഗ്രഹമെന്ന് ഷിജു പറഞ്ഞു. ബാങ്ക് ലോണും മറ്റു കടങ്ങളുമായി ജീവിതം മുന്നോട്ടു പോകുവാന്‍ പറ്റാത്ത അവസ്ഥയിലാണ് കരുവന്നൂര്‍ ബാങ്കില്‍ 15 ലക്ഷം നിക്ഷേപമുള്ള ഷിജു. അമ്മ മേരിക്ക് കരുവന്നൂര്‍ ഓട്ടു കമ്പനിയിലായിരുന്നു ജോലി. അവിടെനിന്നു വിരമിക്കുമ്പോള്‍ കിട്ടിയ ഒന്നേമുക്കാല്‍ ലക്ഷം രൂപയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുണ്ട്. ബാങ്കിലെ നിക്ഷേപ തുക ലഭിക്കുകയാണെങ്കില്‍ കടങ്ങളും ലോണും അവസാനിപ്പിക്കാമെന്നാണ് ഷിജു പറയുന്നത്.
60 ലക്ഷം നിക്ഷേപിച്ചു, കിട്ടിയത് മൂന്നു ലക്ഷം മാത്രം; മക്കളുടെ പഠനത്തിനു പോലും പണം ലഭിച്ചില്ല
ഇരിങ്ങാലക്കുട: 60 ലക്ഷം രൂപ നിക്ഷേപിച്ച കരുവന്നൂര്‍ സ്വദേശി സഹദേവന് മക്കളുടെ പഠനത്തിന് നിക്ഷേപമോ, പലിശയോ ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാണ് പരാതി. 60 ലക്ഷം നിക്ഷേപിച്ച തനിക്ക് പണം തിരികെ ചോദിച്ചപ്പോള്‍ ഒരുവര്‍ഷം കൊണ്ടു ലഭിച്ചത് മൂന്നു ലക്ഷം രൂപ മാത്രമാണെന്നും സഹദേവന് പറയുന്നു. 35 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്താണ് മടങ്ങിയെത്തിയത്. സമ്പാദിച്ച തുകയില്‍ അത്യാവശ്യകാര്യങ്ങള്‍ കഴിഞ്ഞുളള ബാക്കിതുക ബാങ്കില്‍ വിശ്വസിച്ചാണ് നിക്ഷേപിച്ചത്. ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്കുമാറായി വലിയ പരിചയമുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പണം വീട്ടിലെത്തിക്കാം എന്നെല്ലാമാണ് അന്നവര്‍ പറഞ്ഞത്. തുടക്കത്തില്‍ മാത്രം പണം കിട്ടി. പിന്നീട് ആവശ്യത്തിനു പോലും പണം ബാങ്കില്‍ നിന്ന് കിട്ടാതായെന്ന് സഹദേവന് പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ ഫയലില്‍, മന്ത്രി ഇപ്പോള്‍ പറഞ്ഞത് ശുപാര്‍ശയില്‍ ഉള്‍പ്പെട്ടത്
ഇരിങ്ങാലക്കുട: 300 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും ശേഷിയില്ലാതിരുന്ന കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി അടിയന്തരമായി മറികടക്കാന്‍ സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഒരു വര്‍ഷമായി സഹകരണ വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി പ്രഖ്യാപിച്ച നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡില്‍ നിന്ന് സഹായിക്കുമെന്നത് വിദഗ്ധ സമിതിയുടെ ആദ്യശുപാര്ശയാണ്. എട്ടു മാസമായിട്ടും ആ ശുപാര്‍ശകളില്‍ ഒന്നു പോലും സഹകരണ വകുപ്പിന് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് സര്‍ക്കാര്‍ നിയോഗിച്ച ഒമ്പതംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. സഹകരണനിയമം വകുപ്പ് 57 ബി പ്രകാരം രൂപവത്കൃതമായ ഡെപ്പോസിറ്റ് ഗാരണ്ടി ഫണ്ട് ബോര്‍ഡില്‍നിന്ന് 50 കോടി സഹായധനം ബാങ്കിന് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം, സഹകരണനിയമം വകുപ്പ് 57 സിയില്‍ പ്രതിപാദിക്കുന്ന കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്കീം പ്രകാരം കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് തൃശൂര്‍ ജില്ലയിലെ പ്രാഥമിക സഹകരണബാങ്കുകളില്‍ 50 കോടി കണ്ടെത്തി ബാങ്കിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം, റബ്കോയിലെ നിക്ഷേപമായ എട്ടുകോടി തിരികെ വാങ്ങണം, ബാങ്കിന് കൈവശമുള്ള നോണ്‍ ബാങ്കിങ് ആസ്തി വിറ്റഴിച്ചും ഇപ്പോള്‍ ഉപയോഗിക്കാത്ത സ്വന്തം ആസ്തി വിറ്റും ധനം സമാഹരിക്കണം, ബാങ്കിലുള്ള 10.17 കോടിയുടെ സ്വര്‍ണവായ്പ മൂന്നുമാസത്തിനുള്ളില്‍ ഈടാക്കുകയോ മുതലാക്കുകയോ ചെയ്യണം, തട്ടിപ്പ് നടത്തിയ ജീവനക്കാരുടെയും കൂട്ടുനിന്ന ഭരണസമിതിയംഗങ്ങളുടെയും വസ്തുവകകള്‍ ഉടന്‍ ജപ്തി ചെയ്യണം എന്നിങ്ങനെ അടിയന്തര പ്രാധാന്യത്തില്‍ പരിഗണിക്കാനായിരുന്നു സമിതിയുടെ ശുപാര്‍ശ. എന്നാല്‍ തീരുമാനിക്കേണ്ട ഒന്നില്‍ പോലും സര്‍ക്കാര്‍ ഇടപെട്ടില്ല. സ്വര്‍ണപണയ വായ്പയില്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സാധാരണയായുളള കമ്മിറ്റി നടപടികള്‍ ചെയ്തതാണ് ആകെയുണ്ടായ നടപടി.