കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനു പിന്നില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം; ഒന്നാം പ്രതിയുടെ പിതാവ്
അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ല, പാര്‍ട്ടിയറിയാതെ തട്ടിപ്പ് നടക്കില്ല
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആര്. സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന്. സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ. ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് രാമകൃഷ്ണന് ആരോപിച്ചു. ചന്ദ്രനു വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാല്‍ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളില്‍ നിരവധി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി. എ.സി. മൊയ്തീനും സി.കെ. ചന്ദ്രനും പറഞ്ഞിട്ട് നിരവധി അനര്‍ഹര്‍ക്ക് ലോണ്‍ നല്കി. ബിജോയിയെയും ബിജു കരീമിനെയും ബാങ്കിന്റെ നടത്തിപ്പിലേക്ക് കൊണ്ടുവന്നത് സി.കെ. ചന്ദ്രനാണ്. ബിജു കരീമാണ് മുഴുവന്‍ തിരിമറികള്‍ നടത്തിയത്. ബിജോയ് റബ്കോയുടെ ഇടനിലക്കാരനായിരുന്നു. ഇതില്‍ കമ്മീഷന് ഇനത്തില്‍ ഒരുപാട് സാമ്പത്തിക തിരിമറികള്‍ നടന്നിരുന്നു. ബിജോയ് തേക്കടിയില്‍ ഭൂമി വാങ്ങികൂട്ടി. ബാങ്കിലെ മാനേജര്‍ ബിജു കരീം, ബാങ്ക് മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് എന്നിവരുടെ ഭാര്യമാരായ ജിത ഭാസ്കരന്, ശ്രീലത ജില്‍സ് എന്നിവരുടെ ഉടമസ്ഥതയില്‍ നടവരമ്പില്‍ ഷീഷോപ്പീ എന്ന പേരില്‍ വനിതാ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. ഉദ്ഘാടകനായി വന്നത് സഹകരണ വകുപ്പു മന്ത്രി എ.സി. മൊയ്തീനാണ്. ബിജു കരീമിന്റെ ബന്ധുവാണ് എ.സി. മൊയ്തീന്. ബാങ്കിന് സൂപ്പര്‍മാര്‍ക്കറ്റ് ഉള്ളപ്പോള്‍ ഇവിടത്തെ നടത്തിപ്പുകാരുടെ ഭാര്യമാരുടെ പേരില്‍ മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചതു തന്നെ ഏറെ സാമ്പത്തിക തിരിമറികള്‍ നടത്താനാണെന്ന് വ്യക്തമാണ്. ബാങ്കിന്റെ മുന്‍ പ്രസിഡന്റായിരുന്നു സി.കെ. ചന്ദ്രന്. ഭാര്യക്ക് ജോലിക്കു ലഭിക്കുന്നതിന് വേണ്ടിയാണ് പിന്നീട് ഭരണസമിതിയില്‍ വരാതിരുന്നത്. 2011 മുതലാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നു വ്യക്തമായത്. ഈ സമയം സി.കെ. ചന്ദ്രന്റെ ഭാര്യയാണ് ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി. സി.കെ. ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. ഏരിയ കമ്മിറ്റി അംങ്ങളിലേക്ക് അന്വേഷണം എത്തണം. ബാങ്കുമായി ബന്ധപ്പെട്ടവര്‍ക്ക് പെട്ടെന്ന് സാമ്പത്തിക ഉയര്‍ച്ച ഉണ്ടായത് അന്വേഷണ വിധേയമാക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ പ്രചരണത്തിന് കരുവന്നൂര്‍ ബാങ്കില്‍ നിന്നും വഴിവിട്ട് പണം ചെലവഴിച്ചിരുന്നതായും രാമകൃഷ്ണന് പറഞ്ഞു. തട്ടിപ്പില്‍ മകനെ കുടുക്കുകയായിരുന്നു. ഉന്നത നേതാക്കള്‍ക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും രാമകൃഷ്ണന് പറഞ്ഞു.
കരുവന്നൂര്‍ അഴിമതി; മന്ത്രിയുടെ പ്രസ്താവന അപക്വമെന്നു എം.പി. ജാക്സണ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ആവശ്യസമയത്തു ലഭിക്കാത്തതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച മാപ്രാണം സ്വദേശിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനു പകരം അവരെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ബിന്ദുവിന്റെ പ്രസ്താവന അപക്വമായ ഭരണാധികാരിയുടേതാണെന്നു കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്. ഇരയോടൊപ്പം നില്‍ക്കേണ്ട ജനപ്രതിനിധി വേട്ടക്കാരെ ന്യായീകരിക്കുകയാണുണ്ടായത്. ആവശ്യമായ പണം നല്‍കിയിട്ടും മെഡിക്കല്‍ കോളജില്‍ എല്ലാ ചികിത്സാസൗകര്യമുണ്ടായിട്ടും ഫിലോമിന മരിച്ചത് ബന്ധുക്കളുടെ ഉത്തരവാദിത്വക്കുറവാണെന്ന തരത്തില്‍ പ്രസ്താവന നല്കിയ നടപടി അങ്ങേയറ്റം ഹീനമാണെന്നും ജാക്സണ് കുറ്റപ്പെടുത്തി. ഒരു വ്യക്തിയുടെ ആവശ്യത്തിന് അതിരു നിശ്ചയിക്കുന്നതും ചികിത്സ ലഭ്യമാക്കേണ്ടത് ഏതു സ്ഥാപനത്തില്നിന്നുമാണെന്നു തീരുമാനിക്കുന്നതും മന്ത്രി അല്ലെന്നും ജാക്സണ് പറഞ്ഞു.
മന്ത്രിയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. രാവിലെ പൂതംകുളം മൈതാനത്തുനിന്നും മാര്‍ച്ച് ആരംഭിക്കും. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ഇരിങ്ങാലക്കുട ബ്ലോക്ക്് പ്രസിഡന്റ് ടി.വി. ചാര്‍ളി, കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശോഭനന്, പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കും.
കരുവന്നൂര്‍ ബാങ്ക തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ടി.ആര്. സുനില്‍കുമാറിന്റെ പിതാവ് രാമകൃഷണന്റെ പ്രസ്താവന- ഉന്നത തല അന്വേഷണം വേണം-ടി.എന്‍. പ്രതാപന് എംപി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ടി.കെ. സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന് സിപിഎം മുന്‍ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് ആരോപിച്ചതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്. ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ ചികിത്സക്ക് പണമില്ലാതെ മരണപ്പെട്ട മാപ്രാണം സ്വദേശിനി ഫിലോമിനയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. ഇനിയൊരു ജീവന് പോലും ഇത്തരത്തില്‍ പൊലിയാന്‍ ഇടവരരുതെന്നും വിഷയത്തില്‍ നാളെ തൃശൂരിലെത്തുന്ന മുഖ്യമന്ത്രിയുമായി നേരില്‍ കണ്ട് പരാതി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രതിയുടെ കുടുംബത്തില്‍ നിന്നുതന്നെയാണ് സിപിഎമ്മിന് ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാര്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരിക്കുന്നത്. അല്ലാതെ ഈ നാട്ടിലെ ഏതെങ്കിലും രാഷ്ട്രീയപാര്ട്ടിക്കാരോ അല്ലെങ്കില്‍ പണം കിട്ടാനുള്ള ആളുകളോ അല്ല, പ്രതിയുടെ കുടുംബത്തില്‍ നിന്നുതന്നെയാണ്. വളരെ ഗൗരവമുള്ള ആക്ഷേപമാണിത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം അല്ലാതെ കേരളവകുപ്പിന്റെ അന്വേഷണമല്ല സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് തന്നെ ഈ ആരോപണം അന്വേഷിക്കണം. ഇതിനെ രാഷ്ട്രീയമായ ആരോപണമായി കാണാന്‍ പറ്റുകയില്ല. ഇവരുടെ വാക്കുകള്‍ നമ്മെ എല്ലാവരെയും വേദനിപ്പിക്കുന്നുണ്ട്. ഈ കാര്യത്തില്‍ അടിയന്തിരമായി ഈ കുടുംബത്തിന്റെ അടക്കമുള്ള ആളുകളുടെ പണം തിരിച്ചുകൊടുക്കണം. സംസ്ഥാന സര്‍ക്കാര്‍ കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ മാസങ്ങളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.. നിക്ഷേപകരുടെ പൈസ തിരിച്ചുകൊടുക്കും എന്നുള്ളത്. സഹകരണ വകുപ്പിന് കീഴിലുള്ള കേരള ബാങ്കിന്റെ പൈസ എടുത്തിട്ടായാലും ആളുകളുടെ പൈസ തിരിച്ചുകൊടുക്കണം. ഇനി ഇവിടെ നിന്നും പണം ലഭിക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും ജീവന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അതിന് നരഹത്യക്ക് കേസ് സംസ്ഥാന മുഖ്യമന്ത്രിയും സഹകരണവകുപ്പുമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം ഉണ്ടാകുമെന്നു എംപി പറഞ്ഞു.