ടി.ആര്. സുനില്‍കുമാറിന്റെ പിതാവ് രാമകൃഷണന്റെ പ്രസ്താവന, ഉന്നത തല അന്വേഷണം വേണം-ടി.എന്‍. പ്രതാപന് എംപി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ടി.കെ. സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന് സിപിഎം മുന്‍ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് ആരോപിച്ചതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്. ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ ചികിത്സക്ക് പണമില്ലാതെ മരണപ്പെട്ട മാപ്രാണം സ്വദേശിനി ഫിലോമിനയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. ഇനിയൊരു ജീവന് പോലും ഇത്തരത്തില്‍ പൊലിയാന്‍ ഇടവരരുതെന്നും വിഷയത്തില്‍ നാളെ തൃശൂരിലെത്തുന്ന മുഖ്യമന്ത്രിയുമായി നേരില്‍ കണ്ട് പരാതി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രതിയുടെ കുടുംബത്തില്‍ നിന്നുതന്നെയാണ് സിപിഎമ്മിന് ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാര്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരിക്കുന്നത്. അല്ലാതെ ഈ നാട്ടിലെ ഏതെങ്കിലും രാഷ്ട്രീയപാര്ട്ടിക്കാരോ അല്ലെങ്കില്‍ പണം കിട്ടാനുള്ള ആളുകളോ അല്ല, പ്രതിയുടെ കുടുംബത്തില്‍ നിന്നുതന്നെയാണ്. വളരെ ഗൗരവമുള്ള ആക്ഷേപമാണിത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം അല്ലാതെ കേരളവകുപ്പിന്റെ അന്വേഷണമല്ല സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് തന്നെ ഈ ആരോപണം അന്വേഷിക്കണം. ഇതിനെ രാഷ്ട്രീയമായ ആരോപണമായി കാണാന്‍ പറ്റുകയില്ല. ഇവരുടെ വാക്കുകള്‍ നമ്മെ എല്ലാവരെയും വേദനിപ്പിക്കുന്നുണ്ട്. ഈ കാര്യത്തില്‍ അടിയന്തിരമായി ഈ കുടുംബത്തിന്റെ അടക്കമുള്ള ആളുകളുടെ പണം തിരിച്ചുകൊടുക്കണം. സംസ്ഥാന സര്‍ക്കാര്‍ കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ മാസങ്ങളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.. നിക്ഷേപകരുടെ പൈസ തിരിച്ചുകൊടുക്കും എന്നുള്ളത്. സഹകരണ വകുപ്പിന് കീഴിലുള്ള കേരള ബാങ്കിന്റെ പൈസ എടുത്തിട്ടായാലും ആളുകളുടെ പൈസ തിരിച്ചുകൊടുക്കണം. ഇനി ഇവിടെ നിന്നും പണം ലഭിക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും ജീവന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അതിന് നരഹത്യക്ക് കേസ് സംസ്ഥാന മുഖ്യമന്ത്രിയും സഹകരണവകുപ്പുമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം ഉണ്ടാകുമെന്നു എംപി പറഞ്ഞു.