കേരളീയ സമൂഹത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ട് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തില്‍ സാന്ത്വനപരിചരണ പ്രസ്ഥാനം ശക്തമായ നിലയില്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിത്യ ദുരിതത്തില്‍ കഴിയുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ച് വരികയാണ്. സര്‍ക്കാര്‍ തലത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും തികയാതെ വരുന്ന അവസ്ഥയാണുള്ളത്. അര്‍ബുദ രോഗികളുടെ എണ്ണവും വര്‍ധിച്ച് വരികയാണ്. ജീവന് രക്ഷാമരുന്നുകളുടെ ആവശ്യവും കൂടി വരികയാണ്. പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനങ്ങളുടെ പ്രസക്തി ഈ സാഹചര്യത്തില്‍ വര്‍ധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ സൊസൈറ്റി ചെയര്മാന് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. സൊസൈറ്റിക്ക് വേണ്ടി തങ്ങളുടെ അഞ്ച് സെന്റ് ഭൂമി സൗജന്യമായി സംഭാവന ചെയ്ത എ.ജെ. റപ്പായിയെ ചടങ്ങില്‍ ആദരിച്ചു. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, രക്ഷാധികാരി വി.എ. മനോജ്കുമാര്‍, സെക്രട്ടറി ടി.എല്‍. ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് കെ.പി. ദിവാകരന് മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി കെ.സി. പ്രേമരാജന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ഷീജ പവിത്രന്, സീമ പ്രേംരാജ്, എ.ജെ. റപ്പായിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ പ്രദീപ് മേനോന് സ്വാഗതവും എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേഷ്ബാബു നന്ദിയും പറഞ്ഞു. സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രം മണ്ഡലത്തിലെ 350 ഓളം കിടപ്പുരോഗികള്‍ക്കാണ് പരിചരണം, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, ഭക്ഷണം, ആംബുലന്‍സ് സര്‍വീസ് എന്നിവ നല്‍കുന്നത്.