വര്‍ണ്ണക്കുടക്ക് കൊടിയേറി; ഇരിങ്ങാലക്കുടക്കിനി ആഘോഷദിനങ്ങള്‍
ഇരിങ്ങാലക്കുട: സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിച്ച് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ കായിക കാര്‍ഷിക സാഹിത്യ മഹോത്സവമായ വര്‍ണ്ണക്കുടക്ക് ഉജ്ജ്വല തുടക്കം. മുഖ്യവേദിയായ ഇരിങ്ങാലക്കുട അയങ്കാവ് മൈതാനത്ത് പ്രത്യേകം തയാറാക്കിയ കൊടിമരത്തില്‍ പ്രശസ്ത എഴുത്തുകാരന് അശോകന് ചരുവില്‍ വര്‍ണ്ണക്കുടയുടെ കൊടിയേറ്റുകര്‍മം നടത്തി. തുടര്‍ന്ന് കാര്‍ഷിക, വാണിജ്യ, പുസ്തക പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലളിത ബാലന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അശോകന് ചരുവില്‍, വി.കെ. ലക്ഷ്മണന് നായര്‍, മുന്‍ എംഎല്‍എ പ്രഫ.കെ.യു. അരുണന്, സംഘാടക സമിതി ജനറല്‍ കണ്‍വീനറും മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. എക്സിബിഷന് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. കെ.ജി. അജയകുമാര്‍ സ്വാഗതവും റിസപ്ഷന് കമ്മിറ്റി ചെയര്‍മാനും മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് അഡ്വ. ജിഷ ജോബി നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിജയലക്ഷ്മി വിനയചന്ദ്രന്, സന്ധ്യ നൈസന്‍, ജില്ല പഞ്ചായത്തംഗം ലത ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, ഷീജ പവിത്രന്, ലത സഹദേവന്, കെ.എസ്. തമ്പി, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവുമായ കെ.ആര്. വിജയ, സംഘാടക സമിതി കോ ഓര്‍ഡിനേറ്റര്‍ അഡ്വ. പി.ജെ. ജോബി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.