മഹാമാരി കാലത്തെ പേമാരി, ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുങ്ങി.
ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങി മുകുന്ദപുരം താലൂക്ക്
ഇരിങ്ങാലക്കുട: മഴ ശക്തമായതോടെ മുകുന്ദപുരം താലൂക്കിന്റെ നേതൃത്വത്തില്‍ മണ്ണിടിച്ചിലും പ്രളയസാധ്യതയും മുന്നില്‍ക്കണ്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. നേരത്തേ ആര്‍ഡിഒ സി. ലതികയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിന്റെ തുടര്‍ച്ചയായാണു പ്രവൃത്തികള്‍ ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമായി മണ്ണിടിച്ചില്‍ സാധ്യതയുള്ള മാടായിക്കോണം വാതില്‍മാടം കോളനിയില്‍ നിന്ന് രണ്ട് വീട്ടുകാരെയും കരുവന്നൂര്‍ പുഴയോരത്ത് താമസിക്കുന്ന രണ്ടു വീട്ടുകാരെയും പുത്തന്‍ചിറയില്‍ ഒരു കുടുംബത്തെയും ബന്ധുവീടുകളിലേക്കു മാറ്റി. കാറളം കോഴിക്കുന്നില്‍ രണ്ടു വീട്ടുകാരെ സമീപ കേന്ദ്രത്തിലേക്കു മാറ്റി. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പുകള്‍ സജ്ജമായിട്ടുണ്ടെന്നു തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന് പറഞ്ഞു.
മുസാഫരിക്കുന്ന് മണ്ണിടിച്ചില്‍ ഭീതിയില്‍
കരൂപ്പടന്ന: മഴ കനത്തതോടെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ മുസാഫരിക്കുന്ന് മണ്ണിടിച്ചില്‍ ഭീതിയിലായി. കുന്നിന്റെ കിഴക്കുഭാഗത്ത് നാല്‍പ്പതോളം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നതായി നാട്ടുകാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പു ഈ ഭാഗത്ത് മണ്ണിടിഞ്ഞ് വീടിന്റെ അടുക്കളയുടെ ഭാഗം തകര്‍ന്നിരുന്നു. ഈ ഭാഗത്തിനു മുകളിലെ വീടുകളില്‍ താമസിക്കുന്നവരോടും അപകടം സംഭവിച്ച വീട്ടുകാരോടും മാറിത്താമസിക്കാനായി അന്നു നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കളക്ടറുടെ നിര്‍ദേശപ്രകാരം മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ 18 കുടുംബങ്ങളോടു ബന്ധുവീടുകളിലേക്കു മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, സെക്രട്ടറി ഉന്മേഷ്, തെക്കുംകര വില്ലേജ് ഓഫീസര്‍ സി.ആര്. ജോയ്സണ്‍, വാര്‍ഡ് അംഗങ്ങളായ സുലേഖ അബ്ദുള്ളക്കുട്ടി, ആമിനാബി തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വെള്ളാങ്കല്ലൂര്‍, പൂമംഗലം, മുരിയാട് പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ തയാര്‍
വൈദ്യുതി ബന്ധം നിലച്ചു
ഇരിങ്ങാലക്കുട: തുടര്‍ച്ചയായി മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളിലാണു വെള്ളക്കെട്ട് രൂക്ഷമായി തുടങ്ങിയിട്ടുള്ളത്. റോഡില്‍ നിന്നും കാനകളിലേക്കു വെള്ളമൊഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ പലയിടത്തും റോഡില്‍ തന്നെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. മഴ കനത്തതോടെ മേഖലയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമായി. മഴ ശക്തമായി തുടര്‍ന്നാല്‍ നഗരസഭ പരിധിയില്‍ മൂര്‍ക്കനാട്, കണ്ഠേശ്വരം പ്രദേശങ്ങളിലും പൊറത്തിശേരിയിലെ ചില ഭാഗങ്ങളില്‍ സ്ഥിതി ഗുരുതരമാകും. നിലവില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. പൂമംഗലം പഞ്ചായത്തിലെ എടക്കുളം മേഖലയിലെ പല പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. 13 ക്യാമ്പുകളാണു പഞ്ചായത്തില്‍ ഒരുക്കിയിട്ടുള്ളത്. പൂമംഗലംഅരിപ്പാലം തോപ്പ് നമ്പിളി ബാബുവിന്റെ വീടിനു മുകളില്‍ തെങ്ങ് വീണു വീട് ഭാഗികമായി തകര്‍ന്നു. പടിയൂരില്‍ കാക്കാത്തുരുത്തി, ചെട്ടിയാല്‍, പോത്താനി, തേമാലിത്തറ, പത്തനങ്ങാടി തുടങ്ങിയ സ്ഥലത്താണു വെള്ളപ്പൊക്ക ഭീഷണിയുള്ളത്. പഞ്ചായത്തില്‍ നാലു ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. പടിയൂര്‍ കരപറമ്പില്‍ അനിലിന്റെ വീട് ഭാഗികമായി തകര്‍ന്നു. മുരിയാട് പഞ്ചായത്തിലെ 10, 12, 13, 14 വാര്‍ഡുകളിലെ തുറവന്‍കാട്, മുല്ലക്കാട്, കുറ്റിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലെ പാടങ്ങളോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. നാലു ക്യാമ്പുകള്‍ പഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. ആനന്ദപുരം വേഴക്കാടന് ഭീപയുടെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികനായി തകര്‍ന്നു. കാട്ടൂര്‍ പഞ്ചായത്തില്‍ ചെമ്പല്ച്ചാല്, മാവുംവളവ്, മധുരംപ്പിള്ളി, ചേലക്കത്തറ കോളനികളിലാണു പെട്ടെന്ന് വെള്ളം കയറുക. ഇവിടെ അഞ്ചു ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കാറളം മരത്തി വളപ്പില്‍ ചാത്തുക്കുട്ടി രഘുവിന്റെ വീടിനു മുകളില്‍ തേക്കു മരം വീണു. പുന്നത്തറ രഘുനാഥന്റെ വീടിനു മുകളില്‍ കവുങ്ങ് വീണ് വീട് തകര്‍ന്നു. കാറ്റിലും മഴയിലും മേഖലയില്‍ മരം വീണു വൈദ്യുതി കമ്പി പൊട്ടി. തേപ്പ്, നെറ്റിയാട്. താണിശേരി, പൊറത്തിശേരി തുടങ്ങിയ സ്ഥലങ്ങളിലാണു മരങ്ങള്‍ വീണത്. ഠാണാ, ബസ് സ്റ്റാന്‍ഡ്, ചന്തക്കുന്ന് അടക്കമുള്ള നഗര മേഖലകളിലും ഇടയ്ക്കിടെ വൈദ്യുതി ബന്ധം നിലച്ചു. വേളൂക്കര പഞ്ചായത്ത് 18ാം വാര്‍ഡില്‍ നടവരമ്പ് വൈക്കര റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന സ്വകാര്യ പറമ്പിന്റെ മതില് മഴയില്‍ തകര്‍ന്ന് വീണു. വയോധികനായ യാത്രക്കാരന് കടന്ന് പോകുന്ന സമയത്താണു മതില് വീണതെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മതിലിന്റെ മറ്റൊരു ഭാഗം വീണിരുന്നു. ബാക്കിയുള്ള ഭാഗം ഏതു നിമിഷവും റോഡിലേക്കു വീഴുന്ന അവസ്ഥയിലാണെന്നും മതിലിനോടു ചേര്‍ന്ന് ഭാഗം കാട് പിടിച്ച് കിടക്കുന്നതു മൂലം ഇഴജന്തുശല്യമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടലായി, വലിയപാടം, ആലുക്കത്തറ, മാവിന്‍ചുവടിനു കിഴക്ക്, രണ്ടാം വാര്‍ഡിലെ പാറക്കുളം കോളനി എന്നിവിടങ്ങളിലാണു കൂടുതല്‍ ബാധിച്ചത്. 50 ലധികം വീടുകള്‍ വെള്ളക്കെട്ടു ഭീഷണി നേരിടുന്നുണ്ട്. കരൂപ്പടന്ന പുഴയില്‍ സാധാരണയില്‍ കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുഴയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രതയിലാണ്. ചിലര്‍ ബന്ധുവീടുകളിലേക്കു മാറിയിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ചാമക്കുന്ന്, കുന്നത്തൂര്‍, വള്ളിവട്ടം, ബ്രാലം, പൈങ്ങോട്, കാരുമാത്ര, മുസാഫരിക്കുന്ന്, നെടുങ്ങാണം എന്നീ പ്രദേശങ്ങളിലാണു വെള്ളം കയറാന്‍ സാധ്യതയുള്ളത്. പഞ്ചായത്തില്‍ ഏഴു ക്യാമ്പുകളാണു സജ്ജമാക്കിയിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വെള്ളക്കെട്ട് നേരിടുന്ന കുടുംബങ്ങളോടു ബന്ധുവീടുകളിലേക്കു മാറുന്നതിനു ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ മാറിത്താമസിക്കാനുള്ള സാഹചര്യം ഇല്ലാത്തവര്‍ക്കായി പഞ്ചായത്തിലെ വിവിധ സ്കൂളില്‍ സൗകര്യമൊരുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അറിയിച്ചു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, സെക്രട്ടറി ഉന്മേഷ്, അസിസ്റ്റന്റ് എന്ജനീയര് സിമി സെബാസ്റ്റ്യന്‍, വാര്‍ഡ് അംഗം മണി മോഹന്‍ദാസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.