ഇന്ന് ലോക കാഴ്ച ദിനം: അന്ധരുടെ കണ്ണുകള്‍ക്ക് വെളിച്ചമേകാന്‍ വിളിപുറത്തുണ്ട് പൗലോസ്
കാഴ്ചയില്ലാത്തതുമൂലം ഇരുളിന്റെ ലോകത്ത് കഴിഞ്ഞിരുന്ന 1200 പേരെയാണ് താഴെക്കാട് ചിരിയത്ത് പൗലോസ് എന്ന് എണ്പത്തിരണ്ടുകാരന് വെളിച്ചത്തിന്റെ ലോകത്തേക്കു നയിക്കാന്‍ സഹായിച്ചത്.
ഇരിങ്ങാലക്കുട: കണ്ണില്ലാത്ത നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നല്കുവാന് 44 വര്‍ഷമായി അവയവദാന രംഗത്ത് സജീവമാണ് കര്‍ഷകനായ പൗലോസ്. മരണത്തിനു ശേഷം അഴിഞ്ഞ് ഇല്ലാതാകുന്ന മനുഷ്യശരീരം കൊണ്ട് അനേകം മനുഷ്യര്‍ക്ക് നന്മ സമ്മാനിക്കാനാകുമെന്ന് പഠിപ്പിക്കുകയാണ് ഈ വ്യക്തി. കാഴ്ചയില്ലാത്തതുമൂലം ഇരുളിന്റെ ലോകത്ത് കഴിഞ്ഞിരുന്ന 1200 പേരെയാണ് താഴെക്കാട് ചിരിയത്ത് പൗലോസ് എന്ന് എണ്പത്തിരണ്ടുകാരന് വെളിച്ചത്തിന്റെ ലോകത്തേക്കു നയിക്കാന്‍ സഹായിച്ചത്. 44 വര്‍ഷത്തിനിടയില്‍ പൗലോസ് 1000 നേത്രദാനങ്ങള്ക്കു വഴിയൊരുക്കിയത് ചെറുപ്പത്തില്‍ സമീപവീടുകളിലെ രോഗികള്‍ക്ക് ആശുപത്രികളില്‍ കൂട്ടിരിക്കാന്‍ പോകുന്നതില്‍ നിന്നാണ് പൗലോസിന്റെ സേവന ജീവിതത്തില്‍ തുടക്കം. 1978 ല്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ രോഗിക്കു കൂട്ടിരിക്കാനെത്തിയപ്പോഴാണ് നേത്രദാനത്തെക്കുറിച്ചറിഞ്ഞത്. അന്നുതുടങ്ങിയതാണ് നേത്രദാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. 1980 ല്‍ വിന്‍സെന്റ് ഡിപോള്‍ എന്ന സംഘടന നടത്തിയ നേത്ര ചികിത്സ ക്യാമ്പില്‍ സംഘാംഗമായിരുന്ന പൗലോസ് ക്യാമ്പില്‍ പങ്കെടുത്ത 400 ല്‍ 300 പേരുടെയും കണ്ണുകള്‍ ദാനം നല്കാന് സമ്മതപത്രം ശേഖരിച്ചിരുന്നു. നേത്രദാനത്തിന്റെ മഹത്വം പറഞ്ഞു മനസിലാക്കി നേത്രദാനത്തിന്റെ സമ്മതപത്രം ഒപ്പിട്ടവര്‍ മരിച്ചാല്‍ ഉടന്‍ അധികൃതരെ അറിയിച്ചു കണ്ണുകള്‍ ഏറ്റെടുപ്പിക്കുന്നതുവരെ പൗലോസിനു വിശ്രമമില്ല.
സമ്മതപത്രം നല്കിയ വ്യക്തിയുടെ മരണാനന്തരം വീട്ടില്‍ ചെല്ലുമ്പോഴാണ് പ്രയാസവും പരിഭവവും. വീട്ടുകാരില്‍ ചിലര്‍ കണ്ണെടുക്കാന്‍ സമ്മതിക്കില്ല. എതിര്‍ക്കുന്നവരെ കണ്ണില്ലാത്തവരുടെ ദുരിതവും കഷ്ടപ്പാടുകളും പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് നേത്രദാനം പ്രാവര്‍ത്തികമാക്കുന്നത്. മരണ വീട്ടില്‍ കണ്ണെടുക്കാന്ചെന്ന പൗലോസിനെയും മെഡിക്കല്‍ സംഘത്തെയും ഇറക്കിവിട്ട നിരവധി അനുഭവങ്ങളുമുണ്ട്. കച്ചവടത്തിനായി ഞങ്ങളുടെ അപ്പന്റെ കണ്ണെടുക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പെണ്മക്കള് ഒന്നടങ്കം ഇടഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് പൗലോസിനെയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും ഇറക്കിവിട്ട ദുഖകരമായ ഓര്മ മനസില്‍ സൂക്ഷിക്കുകയാണ് പൗലോസ്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍, തൃശൂര്‍ മെഡിക്കല്‍ കോളജ്, ജൂബിലി മിഷന് മെഡിക്കല്‍ കോളജ് എന്നീ സ്ഥാപനങ്ങളിലേക്കാണ് കണ്ണുകള്‍ ദാനം നല്‍കിയിട്ടുള്ളത്.
എപ്പോള്‍ വിളിച്ചാലും രോഗികളെ സഹായിക്കാന്‍ പൗലോസ് തയാറാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ്, മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് തുടങ്ങി ഒട്ടനവധി ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം പൗലോസ് പോയിട്ടുണ്ട്. ഏതു പാതിരാത്രിയിലും ആരു വന്നുവിളിച്ചാലും രോഗികളെ സഹായിക്കാന്‍ പൗലോസ് ഉണ്ടാകും. തന്റെ മരണശേഷം മുഴുവന്‍ അവയവങ്ങളും ദാനം ചെയ്യണമെന്ന് മക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ് പൗലോസ്. കേരള ഐ ബാങ്ക് അസോസിയേഷന്റേതടക്കം ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി. കഴിഞ്ഞ ദിവസം തൃശൂരില്‍ വച്ച് മന്ത്രി ഡോ. ആര് ബിന്ദു വയോജനസേവന ശ്രേഷ്ഠ പുരസ്കാരം നല്‍കിയിരുന്നു.