ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം
ഇരിങ്ങാലക്കുട: ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു, ടി.എന്‍. പ്രതാപന് എംപി, എംഎല്‍എ മാരായ പി. ബാലചന്ദ്രന്, ടി.ജെ. സനീഷ്കുമാര് ജോസഫ്, വി.ആര്. സുനില്‍ കുമാര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, സി.സി. മുകുന്ദന്, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന്, ഐടിയു ബാങ്ക് ചെയര്മാന് എംപി. ജാക്സന്, രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് എന്നിവര്‍ പങ്കെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ മുന്നൂറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവര്‍ത്തനകേന്ദ്രവും ഇനി ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസ് ആയിരിക്കും. ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ്സ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങളാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലഭ്യമാക്കുന്നത്. വിനോദസഞ്ചാരം, ആരോഗ്യം, ഫാഷന്‍, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഐസിഎല്‍ ഗ്രൂപ്പ് ഇപ്പോള്‍ സ്വര്‍ണം, വ്യാപാരം, ഇലക്ട്രോണിക്സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ആരോഗ്യം, ഊര്‍ജ്ജം, വിദ്യാഭ്യാസം, സ്പോര്‍ട്സ്, റീട്ടെയ്ല്‍ തുടങ്ങിയ മേഖലകളില്‍ സുരക്ഷിതവും ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ നിക്ഷേപ ഓപ്ഷനുകളും അവതരിപ്പിച്ച് കഴിഞ്ഞു. യുഎഇല്‍ ആദ്യമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇന്‍വെസ്റ്റ്മെന്റ് എല്‍എല്‍സി, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് സര്‍വ്വീസസ്, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഗോള്‍ഡ് ട്രെയ്ഡിംഗ് എല്‍എല്‍സി എന്നീ സേവനസ്ഥാപനങ്ങള്‍ ആരംഭിച്ച് ഒരു ആഗോള ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഇരിങ്ങാലക്കുടയില്‍ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിച്ചതോടെ ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാതെ സേവനങ്ങള്‍ നല്കാന് ഐസിഎല്‍ ഫിന്‍കോര്‍പ്പിന് കഴിയും.