ക്രൈസ്റ്റിന്റെ പുസ്തകത്തണല്‍ പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: പൊതുസ്ഥലങ്ങളില്‍ വായനശാല ഒരുക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ പുസ്തകത്തണല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ക്രൈസ്റ്റ് കോളജ് ഒരുക്കിയ കമ്മ്യൂണിറ്റി ലൈബ്രറി നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഹോസ്പിറ്റലിന് കൈമാറി. കോളജിലെ എന്‍ എസ്എസ് യൂണിറ്റുകളും കോളജ് ലൈബ്രറിയും ചേര്‍ന്ന് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പുസ്തകത്തണല്‍. ശാരീരികവും മാനസികവുമായ വേദനയോടെ ആശുപത്രിയില്‍ സമയം ചെലവഴിക്കേണ്ടി വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം ആകുന്നതാണ് ഹോസ്പിറ്റലില്‍ ഒരുക്കിയിരിക്കുന്ന ഈ പുസ്തകശേഖരം എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സോണിയാ ഗിരി പറഞ്ഞു. കാത്തിരിപ്പിന്റെ വിരസത അകറ്റുന്നതിനോടൊപ്പം വായനയില്‍ അഭിരുചി വര്‍ദ്ധിപ്പിക്കുവാനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയി പീണിക്കപറമ്പില്‍. കോളജ് ലൈബ്രേറിയന്‍ ഫാ. സിബി ഫ്രാന്‍സിസ്, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ പ്രഫ. ജിന്‍സി എസ്.ആര്. ജോമേഷ് ജോസ്, ഹോസ്പിറ്റല്‍ സൂപ്രന്റ് മിനിമോള്‍ എന്നിവര്‍ സംസാരിച്ചു.