ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം: മന്ത്രി ആര്. ബിന്ദു
നടവരമ്പ്: ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടികളുടെയും അവകാശമാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കിയതെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യുപി ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പുതുതായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുന്‍ എംഎല്‍എ കെ.യു. അരുണന് തിരഞ്ഞെടുത്ത സ്കൂളാണിത്. കിഫ്ബിയില്‍നിന്ന് അഞ്ചു കോടി രൂപയും മുന്‍ എംഎല്‍എ കെ.യു. അരുണന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.71 കോടി രൂപയും ചെലവഴിച്ച് 24,000 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായി കെട്ടിടംപണി പൂര്‍ത്തിയാക്കി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം ഉപയോഗിച്ച് പ്രവേശനകവാടം പണിതു. ഗാന്ധിപ്രതിമയുടെ അനാച്ഛാദനവും പ്രവേശനകവാടത്തിന്റെയും വിഎച്ച്എസ്ഇ ക്ലാസ് മുറിയുടെയും ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ചടങ്ങില്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ കെ.യു. അരുണന് താക്കോല്‍ദാനം നിര്‍വഹിച്ചു. ലതാ ചന്ദ്രന്, ബിന്ദു ഷാജി, വിജയലക്ഷ്മി വിനയചന്ദ്രന്, കെ.എസ്. ധനീഷ്, ടി.വി. മദനമോഹന്‍, മാത്യു പാറേക്കാടന്‍, ടി.എസ്. സജീവന്, ബാലന് അമ്പാടത്ത്, എം.കെ. പ്രീതി, ഒ.ആര്. ബിന്ദു, പി.എസ്. ബസന്ത്, സെബാസ്റ്റ്യന്‍ ജോസഫ്, ഗോഡ്വിന് റോഡ്രിഗ്സ്, കെ.കെ. താജുദ്ദീന് തുടങ്ങിയവര്‍ പ്രസംഗിച്ചു.