പശ്ചിമഘട്ടത്തില്‍നിന്നും ആദ്യമായി പുതിയ ഇനം ചിലന്തി ജനുസിനെ കണ്ടെത്തി
ഇരിങ്ങാലക്കുട: പശ്ചിമഘട്ട മലനിരകള്‍ ജൈവ വൈവിധ്യത്തിന്റെ കലവറയാണ് എന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന പുതിയ ഇനം ചിലന്തി ജനുസിനെയാണ് ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ ചേര്‍ന്ന് കണ്ടെത്തിയത്. ഇന്ത്യ, ചൈന, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കെലവാകജു എന്ന പുതിയ ഇനം ചിലന്തി ജനുസിനെ കണ്ടെത്തിയത്. ബെറാവാന് എന്ന മലേഷ്യന്‍ ഭാഷയില്‍ നിന്നാണ് ഈ ജനുസില്‍പെടുന്ന ചാട്ടചിലന്തികള്ക്ക് കെലവാകജു എന്ന പേരു നല്‍കിയിരിക്കുന്നത്. മരങ്ങളില്കാണുന്ന എന്നാണ് ഈ വാക്കിനര്‍ഥം. ചൈന, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഈ ജനുസില്‍ വരുന്ന നാലിനം പുതിയ ചിലന്തികളെ കൂടി കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍നിന്നും കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് കെലവാകജു സഹ്യാദ്രി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. വലിയ മരങ്ങളുടെ പുറംതൊലിയിലെ വിടവുകളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. കറുത്ത ഉദരത്തില്‍ കാണുന്ന തവിട്ടുനിറത്തിലുള്ള അടയാളങ്ങളും, കണ്ണിനു താഴെയായി കാണുന്ന വെളുത്ത രോമങ്ങളും ഇവയെ മറ്റു ചിലന്തി ജനുസുകളില്നിന്നും വ്യത്യസ്തമാക്കുന്നു. ആണ്ചിലന്തികള്ക്കു ആറ് മുതല്‍ ഏഴ് മില്ലിമീറ്റര്‍ നീളവും പെണ്ചിലന്തികള്ക്കു എട്ടുമുതല്‍ ഒന്‍പതു മില്ലിമീറ്റര്‍ നീളവുമാണുള്ളത്. തവിട്ടുകലര്‍ന്ന കറുത്ത നിറമുള്ള നീണ്ടുപരന്ന ശരീരം ഇവയെ വന്മരങ്ങളുടെ തടിയില്‍ നിഷ്പ്രയാസം ഒളിച്ചിരിക്കാനും ചാടിവീണു ഇരപിടിക്കാനും സഹായിക്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ പ്രശസ്ത ചിലന്തി ഗവേഷകന് ഡോ. വെയിന്‍ പി. മാഡിസണ്‍, സിങ്കപ്പൂര്‍ സയന്‍സ് അക്കാദമിയിലെ ഡോ. പോള്‍ യിങ്, ബ്രസീല്‍ ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഗസ്റ്റാവോ റൂയിസ്, ഗവേഷണ വിദ്യാര്‍ഥി ഇ.എച്ച്. വിഷ്ണുദാസ് എന്നിവര്‍ പങ്കാളികളായി. ഈ കണ്ടെത്തലുകള്‍ സൂകീസ് എന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശിയ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനം നടത്തിയത്.