ബ്രേക്കിട്ട് ടേക്ക് എ ബ്രേക്ക്
വിശ്രമകേന്ദ്രം തുറക്കാന്‍ ഇനിയും കാത്തിരിക്കണം
എടക്കുളം: യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക സൗകര്യങ്ങള്‍ക്കുമായുള്ള പൂമംഗലം ഗ്രാമപഞ്ചായത്തിലെ വഴിയിട വിശ്രമകേന്ദ്രം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ ഇനിയും കാത്തിരിക്കണം. ഒരുവര്‍ഷമായി അടഞ്ഞുകിടന്നിരുന്ന കെട്ടിടത്തിന് ചുറ്റും കാടുകയറിയ നിലയിലായിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയെങ്കിലും ടൈല്‍സ് വിരിക്കുന്ന പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം കഴിഞ്ഞവര്‍ഷമാണ് എടക്കുളം നെറ്റിയാട് സെന്ററില്‍ വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഏഴുലക്ഷം രൂപ ചെലവഴിച്ച് ഒരുക്കുന്ന വഴിയിട വിശ്രമകേന്ദ്രത്തില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ശൗചാലയങ്ങള്‍, അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ വിശ്രമകേന്ദ്രമെന്ന നിലയിലാണ് സജ്ജമാക്കുന്നത്. വകയിരുത്തിയ തുക തികയാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.