യുവകലാസാഹിതിയും ഗ്രാമം കലാ സാംസ്കാരിക സമിതിയും ടി.വി. കൊച്ചുബാവ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കാട്ടൂര്‍: മലയാള ചെറുകഥയില്‍ നവീന ഭാവുകത്വം സൃഷ്ടിച്ച കഥാകൃത്തുക്കളില്‍ മുന്‍പന്തിയില്‍ സ്ഥാനം നേടിയ കാട്ടൂരിന്റെ സ്വന്തം ടി.വി. കൊച്ചുബാവ. വേര്‍പിരിഞ്ഞിട്ട് നീണ്ട 23 വര്‍ഷമായെങ്കിലും, ജന്മനാടായ കാട്ടൂരിന്റെ ഹൃദയങ്ങളില്‍ ഇപ്പോഴും അദ്ദേഹം ജീവിച്ചിരിക്കുന്നു വെന്ന് പി. ബാലചന്ദന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. യുവകലാസാഹിതിയും ഗ്രാമം കലാ സാംസ്കാരിക സമിതിയും സമുക്തമായി സംഘടിപ്പിച്ച ടി.വി. കൊച്ചുബാവ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, സംഘാടക സമിതി ചെയര്മാന് കെ.കെ. പുഷ്പന് അധ്യക്ഷത വഹിച്ചു, യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി, കൊച്ചുബാവയുമായുള്ള ഓര്‍മ്മകള്‍ വളരെ രസകരമായി ഒരു കഥ പറയും പോലെ അദ്ദേഹം സദസിനോട് സംവാതിച്ചു. യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പള്ളിപ്പാട്ട്, ഫൈനാന്‍സ് കണ്‍വീനര്‍ സലിം കടവില്‍, മാധ്യമ പ്രവര്ത്തകന് ഹസന്‍കോയ, സംഘാടക സമിതി രക്ഷാധിക്കളായ എ.ജെ. ബേബി, മുഹമ്മദ് സൈനുല്‍ ആബ്ദിന്‍, യുവകലാസാഹിതി കാട്ടൂര്‍ മേഖല സെക്രട്ടറി സോജന് പള്ളിപാടന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി 14 ജില്ലകളിലെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഗ്രാമം കലാ സാംസ്ക്കാരിക സമിതി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് ആലങ്കോട് ലീല കൃഷ്ണന് സമ്മാനദാനം നിര്‍വഹിച്ചു.