സസ്പെന്‍ഷനും പോര്‍വിളിയും വാക്പയറ്റുമായി സെന്റ് ജോസഫ്സ് കോളജില്‍ നടന്ന യൂത്ത് പാര്‍ലമെന്റ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് യൂണിയന് ഏകയും ഒറേറ്ററി ക്ലബും ചേര്‍ന്നു സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റായിരുന്നു വേദി. അങ്ങേയറ്റം പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വേദിയായ ഇതില്‍ ഭരണപക്ഷത്തെ ഒരംഗത്തെ സ്പീക്കര്‍ സസ്പെന്റ് ചെയ്യുന്നിടത്തേക്കു വരെ കാര്യങ്ങള്‍ എത്തി. നാല് സെഷന് ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ സെഷന് സത്യപ്രതിജ്ഞ ആയിരുന്നു. രണ്ടാമത്തെ സെഷന് ചോദ്യോത്തര വേളയായിരുന്നൂ. അതില്‍ ആദ്യത്തെ ചോദ്യം കൊറോണ വന്നപ്പോള്‍ ഓക്സിജന്‍ ക്ഷാമം മൂലം ഉണ്ടായ മരണങ്ങളെ കുറിച്ച് ആരോഗ്യമന്ത്രിയോട് ആയിരുന്നു. രണ്ടാമത്തെ ചോദ്യം ദേശീയ സുരക്ഷയെ കുറിച്ച് ഡിഫന്‍സ് മന്ത്രിയോട് ആയിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രി, വനിതാ ശിശു വികസന മന്ത്രി, ധനമന്ത്രിയോടും പ്രതിപക്ഷം ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചു. അതിന് തക്കതായ മറുപടികള്‍ ഭരണപക്ഷത്തിന് പറയാന്‍ സാധിച്ചു. അതിന് ശേഷം യൂത്ത് പാര്‍ലമെന്റ് സ്ത്രീകളുടെ ഉന്നമനത്തിനായി വനിതസംവരണ ബില്‍ പാസ് ആക്കുകയും ചെയ്തു. നാലാമത്തെ സെഷന് സംവാദം ആയിരുന്നു. ചൂടേറിയ ചോദ്യങ്ങളോടും മറു ഉത്തരങ്ങളോടും കൂടി സങ്കര്ഷഭരിതമായിരുന്നൂ. സംവാദത്തോട് കൂടി യൂത്ത് പാര്‍ലമെന്റ് അവസാനിക്കുകയും ചെയ്തു. ഭരണഘടന സംരക്ഷിക്കാന്‍ മുഴുവന്‍ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് ടി.എന്‍. പ്രതാപന് എംപി അഭിപ്രായപ്പെട്ടു. നീണ്ട കാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യം. അതു നല്കിയ പാഠങ്ങളുടെ കരുത്തും സൗന്ദര്യവും നമ്മുടെ ഭരണഘടനക്കുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒറേറ്ററി ക്ലബ് കണ്‍വീനറും ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രഫ. ഡോ. ജോസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു.