തൊഴിലാളികള്‍ക്ക് പരിശീലന പരിപാടിയുമായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്
കേരളീയ സമൂഹത്തിന്റെ ഉയര്‍ന്ന ജീവിതനിലവാരം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരവും ഉയരേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കണമെങ്കില്‍ തൊഴിലാളി സമൂഹത്തിന്റെ നിലവാരം ഉയരേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഇരിങ്ങാലക്കുട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സുരക്ഷിതത്വ പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി ക്ഷേമത്തിന് പരിഗണന കൊടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത് കേരളത്തിലാണെന്നത് അഭിമാനകരമാണ്. അവകാശങ്ങള്‍ നേടിയെടുക്കാനും വിലപേശല്‍ ശേഷി വര്‍ധിപ്പിക്കാനും ഇത്തരം കൂട്ടായ്മകള്‍ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. ക്രൈസ്റ്റ് കോളജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് പി. പ്രമോദ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് കെ. ഭവദാസന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥരായ ലാല്‍ വര്‍ഗീസ്, അനീഷ് കുര്യാക്കോസ്, ഡോ. മുഹമ്മദ് സമീര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ജോയിന്റ് ഡയറക്ടര്‍ ആര്. സൂരജ് കൃഷ്ണന് സ്വാഗതവും ഇരിങ്ങാലക്കുട ഡിവിഷന് ഇന്‍സ്പെക്ടര്‍ വി.ആര്. ഷിബു നന്ദിയും പറഞ്ഞു. എഴുപതോളം തൊഴിലാളികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.