രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശസമിതിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ ന്യൂനപക്ഷ ദിനാഘോഷം ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ക്രൈസ്തവര്‍ അനുഭവിക്കുന്ന അവഗണനകള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുകയും അതിനായി ക്രിസ്തീയ വിശ്വാസികള്‍ എല്ലാവരും ഒന്നിക്കണമെന്നും ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ക്രിസ്തീയ മൈനോറിറ്റി കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി അഭിപ്രയപ്പെട്ടു. രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശസമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ നടന്ന ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണത്തിന്റെ ആനുകാലിക പ്രസക്തി എന്നുള്ള വിഷയത്തെ സംബന്ധിച്ച് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ രൂപത ക്രിസ്ത്യന്‍ മൈനോരിറ്റി സമിതി പ്രസിഡന്റ് അഡ്വ. ജോര്‍ഫിന്‍ പെട്ട പൊന്നാട അണിയിച്ച് ആദരിച്ചു. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ.ഇ.ടി. തോമസ്, രൂപത പബ്ലിക് അഫയേഴ്സ് കമ്മിറ്റി കോഡിനേറ്റര്‍ ഫാ.ഡോ. ജിനോ മാളക്കാരന്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, രൂപതാ ന്യൂനപക്ഷ സമിതി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.