ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോ റോഡിന് പുതിയ മുഖം;
ഠാണാ ചന്തക്കുന്ന് വികസന പദ്ധതിയുടെ നടപടി ക്രമങ്ങള്‍ എപ്രില്‍ മെയ് മാസങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് വികസനപദ്ധതിയുടെ നടപടിക്രമങ്ങള്‍ എപ്രില്‍ മെയ് മാസങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. മന്ത്രിയുടെ 202223 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 15 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ഡിപ്പോ റോഡിന്റെ പൂര്‍ത്തീകരണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്ത് കോടി രൂപ ചിലവഴിച്ച് ആനന്ദപുരം നെല്ലായി റോഡ്, 15 കോടി രൂപ ചിലവഴിച്ച് മാപ്രാണം നന്തിക്കര റോഡ് എന്നിവയുടെ നവീകരണ പ്രവ്യത്തികള്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ചെറിയ റൂട്ടുകളിലേക്ക് സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിച്ചും ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിനും പടിഞ്ഞാറന്‍ മേഖലയ്ക്കും കാലത്തിന് അനുസരിച്ചുള്ള വികസനം നടപ്പിലാക്കാന്‍ ശ്രമിക്കും. പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹോമിയോ ഡിസ്പെന്‍സറിയുടെ പുനരുദ്ധാരണ പ്രവ്യത്തികള്‍ക്കും ഉടന്‍ രൂപം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.പി. റാബിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ കെ.ടി. സെബി ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന് സ്വാഗതവും ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് കെ.എസ്. രാജന് നന്ദിയും പറഞ്ഞു. ഡിപ്പോയുടെ ഉള്‍വശത്തെ 3075 ചതുരശ്ര മീറ്റര്‍ വരുന്ന റോഡാണ് 15 ലക്ഷം ചിലവഴിച്ച് പുനര്‍ നിര്‍മ്മിച്ചത്.