കാട്ടൂര്‍ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാല് റോഡുകളുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു
കാട്ടൂര്‍: റോഡ് വികസനത്തിന് ഏറെ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മണ്ഡലത്തിലെ പ്രധാന റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്ന പ്രവൃത്തികള്‍ നടന്ന് വരികയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. കാട്ടൂര്‍ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാല് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പത്ത് കോടി രൂപ ചിലവില്‍ നവീകരിക്കുന്ന ആനന്ദപുരം നെല്ലായി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ച് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചേലക്കത്തറ റോഡ് പരിസരത്ത് നടന്ന യോഗത്തില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി. ലത അധ്യക്ഷയായിരുന്നു. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മുഖ്യാതിഥി ആയിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് രാജേഷ് ചന്ദ്രന് നന്ദിയും പറഞ്ഞു. ഹൈസ്കൂള്‍ ചേലക്കത്തറ റോഡ് (28 ലക്ഷം), പറയന്‍കടവ് വെള്ളച്ചേരന് റോഡ് (7 ലക്ഷം), അകംപാടം റോഡ് (6 ലക്ഷം), രാമന് കുളം ലൈന്‍ റോഡ് (12 ലക്ഷം) എന്നീ നാലു റോഡുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്.