സ്കൂള്‍ കെട്ടിടം വീണ്ടും നിര്‍മിക്കാന്‍ രണ്ടുകോടി
നവീകരിച്ചത് കഴിഞ്ഞവര്‍ഷം
എന്‍ജീനിയറിംഗ് വിഭാഗം എതിര്‍ത്തതോടെ സര്‍ക്കാരിന്റെ അനുമതി തേടാനൊരുങ്ങി നഗരസഭ
ഇരിങ്ങാലക്കുട: കഴിഞ്ഞവര്‍ഷം നവീകരിച്ച സ്കൂള്‍ കെട്ടിടം പൊളിച്ച് എംഎല്‍എ ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ ചെലവില്‍ പുതിയ കെട്ടിടം പണിയാനുള്ള നഗരസഭയുടെ ശ്രമത്തിനെതിരേ എന്‍ജിനീയറിംഗ് വിഭാഗം. ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്കൂളിലാണ് കെട്ടിടം പണിയാനൊരുങ്ങുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം ഈ കെട്ടിടത്തിന്റെ നവീകരണത്തിനായി 19.60 ലക്ഷം നഗരസഭ ചെലവാക്കിയതായും ഇപ്പോള്‍ അത് പൊളിച്ചാല്‍ ഓഡിറ്റ് ഒബ്ജക്ഷന് അടക്കമുള്ള നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, കുട്ടികളുടെ ജീവനും കെട്ടിടത്തിന്റെ ഉറപ്പുമാണ് പ്രധാനമെന്ന നിലപാടിലായിരുന്നു ചെയര്‍പേഴ്സണും പ്രതിപക്ഷവും. അതേസമയം 130 കൊല്ലം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനു പകരം അതിനെ സ്വഭാവിക തനിമയോടെ നവീകരിച്ച് നിലനിര്‍ത്തുകയാണ് വേണ്ടതെന്നും ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് പറഞ്ഞു. കഴിഞ്ഞവര്‍ഷം നവീകരിച്ച കെട്ടിടം പൊളിച്ചുപണിയാന്‍ ഓഡിറ്റ് പ്രശ്നം ഉള്ളതിനാല്‍ നിയമപരമായി ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് എഴുതാന്‍ കഴിയില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതിക്കായി വിടാന്‍ തീരുമാനിച്ചുവെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി അറിയിച്ചു.