കോതറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൈപ്പ് പുനഃസ്ഥാപിക്കും
ജലസേചനസൗകര്യം ഒരുക്കാനും ധാരണ
എടതിരിഞ്ഞി: പടിയൂര്‍ പഞ്ചായത്തിലെ കോതറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ തകര്‍ന്ന പൈപ്പ് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷകരുടെയും നാട്ടുകാരുടെയും കെഎല്‍ഡിസി അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. ഉടന്‍തന്നെ തകര്‍ന്ന പൈപ്പ് നീക്കി പുതിയ പൈപ്പ് സ്ഥാപിക്കാനാണ് തീരുമാനം. ഇതോടൊപ്പം പാടശേഖരങ്ങളിലേക്ക് വെള്ളം കയറാതിരിക്കാന്‍ നടപടിയെടുക്കാന്‍ കെഎല്‍ഡിസി അധികൃതരോട് യോഗം ആവശ്യപ്പെട്ടു. കൃഷിക്ക് ആവശ്യത്തിന് വെള്ളമെടുക്കാനും പാടശേഖരങ്ങളില്‍ അധികമായി വെള്ളം കയറി കൃഷി നശിക്കാതിരിക്കാനും ഉതകുന്നതരത്തിലുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്നും യോഗം നിര്‍ദേശിച്ചു. കെഎല്‍ഡിസി കനാലില്‍നിന്ന് കോതറ കുളത്തിലേക്ക് ഇട്ടിരുന്ന കോതറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ വലിയ പൈപ്പാണ് ബണ്ടിലൂടെ പോകുന്ന ഭാഗത്ത് തകര്‍ന്നത്. ഇതോടെ, കൃഷിക്കും കുടിവെള്ളത്തിനും ഏറെ ഗുണം ചെയ്യുന്ന പദ്ധതിയുടെ പമ്പിംഗ് തടസപ്പെട്ടു. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമവുമായി. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും കെഎല്‍ഡിസി അധികൃതരുടെയും യോഗം വിളിച്ചുചേര്‍ത്തത്.