കളിചിരിമാഞ്ഞു; എല്‍സ മരിയക്കു കണ്ണീരോടെ വിട
മരണം മാമോദീസയുടെ വാര്‍ഷിക ദിനത്തില്‍
ഇരിങ്ങാലക്കുട: ചിരിക്കുന്ന മുഖവുമായി അവള് ചേതനയറ്റു കിടന്നു, അരികില്‍ മെഴുകുതിരിയും മാതാപിതാക്കളും സഹോദരങ്ങളും ഉരുകി തീരുന്നത് അവള് അറിഞ്ഞില്ല. ആഴമേറിയ നിലവിളികള്‍ക്കു പോലും അവളെ ഉണര്‍ത്താനായില്ല. തൂവെള്ളവസ്ത്രം ധരിച്ച് മാലാഖമാരുടെ ലോകത്തോക്ക് അവള് അവള് മടങ്ങുബോള്‍ ആയിരം നാവുകള്‍ അവളുടെ ആത്മാവിനു ശാന്തി ചൊല്ലി. കളിയുടെയും ചിരിയുടെയും ചിലമ്പൊലികള്ക്കു പകരം ദുഖം തളംകെട്ടിയ അവസ്ഥയിലായിരുന്നു കാട്ടൂര്‍ പൊഞ്ഞനം കുറ്റിക്കാട്ട് വീട്ടില്‍ ജോര്‍ജിന്റെ വീട്ടുമുറ്റം. ഈ പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തേക്ക് കൊണ്ടു വന്നപ്പോള്‍ ബന്തുമിത്രാധികളെയും കുടുംബാംഗങ്ങളെയും കണ്ണീരിലാഴ്ത്തി. കണ്ടു നിന്നവര്‍ക്കാര്‍ക്കും ദുഖം താങ്ങാവുന്നതായിരുന്നില്ല.
35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജോര്ജ്സിസി ദമ്പതികള്‍ക്ക് കുഞ്ഞിക്കാല് ഭാഗ്യമുണ്ടായത്. ഒന്നല്ല മൂന്ന് കണ്മണികളുടെ. 1987 മെയ് മാസത്തിലാണ് ഇവരുടെ വിവാഹം. ജോലി സംബന്ധമായി 18 വര്‍ഷത്തോളം ജോര്‍ജ് ഗള്‍ഫിലായിരുന്നു. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലക്കുടയില്‍ സ്വന്തം ബിസിനസ് നടത്തി. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ് കുട്ടികള്‍ക്കായുള്ള ചികിത്സകള്‍. അത് ഗള്‍ഫിലും നാട്ടിലുമായി തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് നിര്‍ത്താതെയുള്ള രക്തസ്രാവം സിസയെ അലട്ടിയത്. ഒടുവില്‍ ഗര്‍ഭപാത്രം മാറ്റാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചികില്‍സയില്‍ മൂന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മൂന്ന് കണ്മണികളെ കിട്ടിയതോടെ 59 വയസുള്ള ജോര്‍ജിനും 55 വയസുള്ള സിസക്കു എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഇവരുടെ കുടുംബം ഏറെ സന്തോഷത്തില്‍ പോകുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഈ ദുരന്ത മുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരി 26 നായിരുന്നു ഇവളുടെ മാമോദീസ നടന്നത്. ഇന്നലെ നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് കാട്ടൂര്‍ പള്ളി വികാരി ഫാ. വിന്‍സെന്റ് പാറയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഇന്നലെ അന്ത്യോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.