കാട്ടൂര്‍ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് മാര്‍ച്ച് ഒന്നിന് കൊടിയേറും
ഇരിങ്ങാലക്കുട: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കാട്ടൂര്‍ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ ആഘോഷിക്കും. ഒന്നിന്് രാത്രി 8.30ന് ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് തിലകന് തെയ്യശ്ശേരി, സെക്രട്ടറി കെ. സതീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര ചടങ്ങുകള്‍, ശീവേലി എഴുന്നള്ളിപ്പ്, മേളം, തിരുവാതിരക്കളി, ന്യത്ത ന്യത്യങ്ങള്, നാടകം, ഗാനമേള, ഐവര്‍ നാടകം, അനുഷ്ഠാന കലകള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. നാലിന് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടക്കുന്ന ദേവിയുടെ ആറാട്ട് അമ്പതില്‍ പരം വാദ്യ കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള മേളത്തോടെ ശ്രീകൂടല്‍മാണിക്യ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ നേത്യത്വത്തില്‍ സ്വീകരിക്കും. പൂരത്തിന് ശേഷം ക്ഷേത്രത്തിന്റെ ചുറ്റമ്പലം, വലിയമ്പലം എന്നിവയുടെ പുനര്‍നിര്‍മ്മാണം 36 ലക്ഷം രൂപ ചിലവില്‍ ആരംഭിക്കും. ക്ഷേത്രത്തിന് സമീപം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഫണ്ടില്‍ നിന്നും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്ന നടപടികളും നടന്ന് വരികയാണ്. സമിതി വൈസ് പ്രസിഡന്റ് ഇ.പി. വിജയന്, ജോയിന്റ് സെക്രട്ടറി കെ.എസ.് ഉദയകുമാര്‍, എക്സിക്യുട്ടീവ് അംഗങ്ങളായ ഇ.വി. അരവിന്ദാക്ഷന്, മനോജ് വടശ്ശേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.