‘നമുക്ക് രക്തബന്ധുക്കളാകാം’ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ ജെസിഐ ഇരിങ്ങാലക്കുട എന്‍എസ്എസ് ക്രൈസ്റ്റ് കോളജ് നോവ ക്രൈസ്റ്റ് കോളജ് എന്നിവരുടെ സഹകരണത്തോടെ ആരംഭിക്കുന്ന നമുക്ക് രക്തബന്ധുക്കളാകാം എന്ന ബൃഹത് പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് മെജോ ജോണ്സണ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.പി. ഷിന്റോ, പ്രോഗ്രാം കോ ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ജനമൈത്രി എസ്ഐ കെ.പി. ജോര്‍ജ്, നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍, പ്രോഗ്രാം ഡയറക്ടര്‍ ഷാജു പാറേക്കാടന്‍, ഇരിങ്ങാലക്കുട സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന്, എസ്.ആര്. ജിന്‍സി എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് രക്തം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷനെ കേന്ദ്രീകരിച്ച് കൊണ്ട് ഐഎംഎ യില്‍ നിന്ന് രക്തം ലഭ്യമാക്കുന്ന വലിയൊരു പദ്ധതിയാണിത്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഡ്രൈവര്‍മാര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ട് തൃശൂര്‍ ഐഎംഎ യില്‍ ബ്ലഡ് ബാങ്കില്‍ രക്തം സംഭരിച്ച് ആവശ്യക്കാര്‍ക്ക് ആവശ്യം വരുമ്പോള്‍ നല്കുന്ന പദ്ധതിയാണിത്.