തെരഞ്ഞെടുപ്പ് പടിവാതില്ക്കല്, മാരത്തണ്‍ ഉദ്ഘാടന ചടങ്ങുകളുമായി പഞ്ചായത്തുകള്‍
വിശ്രമമില്ലാതെ ജനപ്രതിനിധികള്‍, ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപണം
ഇരിങ്ങാലക്കുട: പടിവാതില്‍ക്കലെത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടന ചടങ്ങുകളുടെ മാമാങ്കം. ഭരണ കക്ഷിയുടെ പ്രകടന പത്രികയിലെ വികസന വാദ്ഗാനങ്ങളാണു ഇപ്പോള്‍ പ്രധാനമായും നടപ്പിലാക്കുന്നത്. അപ്രതീക്ഷിതമായ കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും അനിശ്ചിതത്തിലാക്കിയ നിര്‍മാണങ്ങളാണു അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കി ഉദ്ഘാടനങ്ങള്‍ നടത്തുന്നത്. പടിയൂര്‍, പൂമംഗലം, ആളൂര്‍, മുരിയാട്, വേളൂക്കര, കാട്ടൂര്‍, കാറളം പഞ്ചായത്തുകളില്‍ നിരവധി പദ്ധതികളാണു ഉദ്ഘാടന ചടങ്ങുകളായി ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ഉദ്ഘാടന ചടങ്ങുകളേക്കാള്‍ ഏറെ കൂടുതലാണു വരുന്ന ദിവസങ്ങളില്‍ നടക്കുക. എല്ലാ വാര്‍ഡുകളിലും എന്തെങ്കിലും ഉദ്ഘാടനം പ്രതീക്ഷിക്കാമെന്നാണു പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നത്. എംഎല്‍എയുടെയും ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഫണ്ടുകള്‍ വിനിയോഗിച്ചാണു ഇത്തരം പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പല പദ്ധതികളും തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തറക്കല്ലിടലാണു ഇപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് മത്സരിക്കാന്‍ തയാറെടുക്കുന്നവരും മത്സര രംഗത്തു നിന്നും മാറിനില്‍ക്കുന്നവരും ഒരേ മനസോടെയാണു അവസാനവട്ട ഒരുക്കം നടത്തുന്നത്. തങ്ങളിലേല്‍പ്പിച്ച പ്രതീക്ഷകള്‍ യാഥാര്ഥ്യമാക്കിയെന്നു വരുത്തിതീര്‍ക്കാനുള്ള ജനപ്രതിനിധികളുടെ ശ്രമങ്ങളാണിതിനു പിന്നില്‍. എന്നാല്‍, പലയിടത്തും ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
റോഡ്, ഹൈമാസ്റ്റ്, അങ്കണവാടി, കുടിവെള്ളം എന്നിങ്ങനെ തുടങ്ങി….. തറക്കല്ലിടലും ഉദ്ഘാടനവും
ഗ്രാമീണ റോഡുകള്‍ മുതല്‍ വന്‍കിട പദ്ധതികളാണു ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്തില്‍ നവീകരിച്ച ഫ്രണ്ട് ഓഫീസ്, കുടുംബാകരോഗ്യ കേന്ദ്രം, പൊതു കുളങ്ങളിലെ മത്സ്യ കൃഷി, മുഴുവഞ്ചേരി തുരുത്ത് റോഡ്, കാക്കാത്തിരുത്തികൂത്തുമാക്കല് പട്ടാണി കടവ് റോഡ്, സാംസ്കാരിക നിയമങ്ങള്‍ എന്നിവയുടെ ഉദ്ഘാടനങ്ങളാണു ഈ ദിവസങ്ങളില്‍ നടക്കുന്നത്. പൂംമഗലം പഞ്ചായത്തില്‍ വനിതാ വ്യവസായ കേന്ദ്രം, കനാല്‍പാലം, കുറ്റിപ്പാലം, എടക്കുളം പുഞ്ചപ്പാടം എന്നിവടങ്ങളിലെ റോഡുകള്‍, കല്‍പറമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടക്കുക. വേളൂക്കര പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍, നടവരമ്പ്, അവിട്ടത്തൂര്‍, ഐക്കരക്കുന്ന്, കല്ലംകുന്ന് എന്നിവടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍, കണ്ണൂക്കാടന്‍ മൂല കോളനി റോഡ് എന്നിയുടെ ഉദ്ഘാടനങ്ങള്‍ നടക്കും. കുഞ്ഞുമാണിക്യന്‍ കുടിവെള്ള പദ്ധതി, ആനന്ദപുരം ഗവ. സ്കൂളിലെ പാര്‍ക്ക്, തലക്കലപറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, വേലത്തിക്കുളം നവീകരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണു മുരിയാട് പഞ്ചായത്തില്‍ നടക്കുന്നത്. കാട്ടൂര്‍ പഞ്ചായത്തില്‍ പ്രധാനമായും മധുരംപിള്ളി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുെട ഉദ്ഘാടനമാണു നടക്കുക. കാറളം പഞ്ചായത്തില്‍ കുട്ടിക്കൂട്ടം ചില്‍ഡ്രന്‍സ് പാര്‍ക്ക്, പ്ലാസ്റ്റിക് തരം തിരിക്കല്‍ കേന്ദ്രം, താണിശേരി, നന്തി എന്നിവടങ്ങളിലെ ഹൈമാസ്റ്റുകള്‍, ഇനി ഞാന്‍ ഒഴുകട്ടെ എന്ന പദ്ധതി പ്രകാരം കട്ടപ്പുറം തോട്, ജലപ്രയാളം പദ്ധതി പ്രകാരം കരുവന്നൂര്‍ പുഴയിലെ പ്രളായാവശിഷ്ടങ്ങള് നീക്കം ചെയ്യല്‍, താണിശേരി, കാറളം എന്നിവടങ്ങളിലെ ഹെല്‍ത്ത് സെന്ററുകള്‍, വെള്ളാനി അങ്കണവാടി, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനങ്ങളാണു നടക്കുന്നത്. ആളൂര്‍ പഞ്ചായത്തില്‍ ചാത്തന്‍കുളം ലിഫ്റ്റ് ഇറിഗേഷന്‍, കുഴിക്കാട്ടുശേരി കുടിവെള്ള പദ്ധതി, നവീകരിച്ച ആളൂര്‍ മാര്‍ക്കറ്റ്, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനങ്ങളാണു നടക്കുന്നത്.
എങ്ങിനെ നിയന്ത്രിക്കും ഈ ജനപങ്കാളിത്തത്തെ…..
ഉദ്ഘാടന ചടങ്ങുകളില്‍ ജനപങ്കാളിത്തത്തിന്റെ കാര്യത്തില്‍ പലയിടത്തും നിയന്ത്രണം അതിരു വിടുന്ന അവസ്ഥയിലാണ്. എന്നാല്‍, ജനപ്രതിനിധികളുടെ പരിപാടിയെ എങ്ങനെ നിയന്ത്രിക്കുമെന്ന ആകുലതയിലാണു ആരോഗ്യവകുപ്പും പോലീസും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ആരോപണം പലയിടത്തും പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയിട്ടുണ്ട്. പൊതു പരിപാടികളിലെ പങ്കാളിത്തം നൂറാക്കിയത് പ്രയോജനപ്പെടുത്താനാണു സംഘാടകരുടെ നീക്കം. സെപ്റ്റംബര്‍ പകുതിയോടെ സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പും തുടര്‍ന്ന് ഈ മാസം തന്നെ വിജ്ഞാപനവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കുന്നത്. സാധാരണ നിലയില്‍ മന്ത്രിമാര്‍വരെ പങ്കെടുക്കേണ്ട പരിപാടികളാണെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ കിട്ടിയവരെ വെച്ചാണു ഉദ്ഘാടനം.